തിരുവല്ലയില്‍ 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന്‍ പിടിയില്‍: സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം

0 second read
0
0

തിരുവല്ല:14 കിലോ കഞ്ചാവുമായി ഒഡീഷക്കാരന്‍ പോലീസ് പിടിയില്‍. പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കാതെ പോലീസിന്റെ ഒളിച്ചു കളി. ഭരണപ്പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന് കൊണ്ടു വന്നതാണ് സ്റ്റഫെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും അത് രേഖപ്പെടുത്തിയില്ലെന്നും ആരോപണം. പക്ഷേ, ആരാണ് പിന്നിലെന്ന് അറിയാമെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍.

ഡാന്‍സാഫ് ടീമും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒഡിഷ സാംബല്‍പൂര്‍ ഗജപ്തി ജാലറസിങ്ങിന്റെ മകന്‍ അജിത് ചിഞ്ചണി (27) അറസ്റ്റിലായത്. ഡാന്‍സാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു നിന്ന ബുധന്‍ പുലര്‍ച്ചെ പിടിയിലായത്.  മാസ്‌കിങ് ടേപ്പ് ചുറ്റിയ
നിലയില്‍ ഏഴു പൊതികള്‍ രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്.
കറന്‍സി നോട്ടുകളും എ.ടി.എം കാര്‍ഡുകളും മൊബൈല്‍ ഫോണും കണ്ടെടുത്തു. പോലീസ് തുടര്‍ നടപടികള്‍ കൈകൊണ്ടു. ദിവസങ്ങളായി യുവാവ് ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ജി. ഉണ്ണികൃഷ്ണന്‍, ഗ്രേഡ് എസ്.ഐ. സനില്‍, പ്രബേഷന്‍ എസ്.ഐ ജയ്‌മോന്‍, എ.എസ്.ഐ. സി വിനീത്, എസ്.സി.പി.ഒമാരായ സുശീല്‍ കുമാര്‍, ഷാനവാസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സ്ഥിരം കഞ്ചാവ് വാഹകനാണ് പ്രതി, രണ്ടാഴ്ച്ചക്ക് മുമ്പും ഇയാള്‍ ഒഡിഷയില്‍ നിന്നും ഇവിടെയെത്തി ടൂറിസ്റ്റ് ഹോമില്‍ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിതരണം ചെയ്യുന്നതിന് എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പ്രതിയുടെ മൊഴി. ഒഡിഷയില്‍ നിന്നും ട്രെയിനില്‍ ചെങ്ങന്നൂരെത്തിയ ശേഷം ബസില്‍ തിരുവല്ലയില്‍ വന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു കൊണ്ട് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്. എന്നാല്‍ വിവരം രഹസ്യമായി മനസ്സിലാക്കിയ പോലീസ് സംഘം ഇയാള്‍ക്കു വേണ്ടി വല വിരിച്ച് കാത്തുനിന്നു. ടൗണിലെ ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാന്‍ തീരുമാനിച്ച് എത്തിയ ഇയാള്‍ പക്ഷെ, ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്നൊരുക്കിയ വലയില്‍ വീഴുകയായിരുന്നു. വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവിനുവേണ്ടി പണം മുടക്കിയവരെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നൊളിപ്പിക്കാന്‍ പോലീസ് നെട്ടോട്ടമോടി. കഞ്ചാവ് എത്തിച്ചത് പ്രാദേശിക രാഷട്രീയ നേതാവിന് വേണ്ടിയാണെന്ന് പ്രതി നല്‍കിയെന്നും സൂചന. ഇതാണ് പോലീസിന്റെ ഒളിച്ചോട്ടത്തിന് കാരണമെന്നും പറയുന്നു. സമീപകാലത്ത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇവിടെ കഴിഞ്ഞ ദിവസം രാത്രി നടന്നത്. വിവരം അറിഞ്ഞ് ഇന്നലെ രാവിലെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തി. എന്നാല്‍, പ്രതിയുടെ വിവരങ്ങളും ദൃശ്യങ്ങളും മറച്ചു പിടിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ രാവിലെ 10 മണിയോടെ സ്‌റ്റേഷനില്‍ എത്താനാണ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് 11 മണിക്ക് ശേഷം ദൃശ്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു. ഈ സമയത്ത് ചെന്നെങ്കിലും കിട്ടിയില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എസ്.എച്ച്.ഓയെയും എസ്.ഐയെയും മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. ഉടന്‍ എത്തി ദൃശ്യങ്ങള്‍ എടുത്തു കൊള്ളാന്‍ അനുവാദവും ലഭിച്ചു. സ്‌റ്റേഷനില്‍ പാഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ രണ്ടു മണി വരെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചു. അവധി ആയിരുന്ന ഡിവൈ.എസ്.പി എസ്. ഷാദ് പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണം എന്ന് നാലു തവണ എസ്.എച്ച്.ഓയോട് പറഞ്ഞുവെന്ന് പറയുന്നു. പക്ഷേ, നടപടി ഒന്നുമുണ്ടായില്ല. വൈദ്യ പരിശോധനയ്ക്കായി സ്‌റ്റേഷനില്‍ നിന്നും ഇറക്കുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രതിയുടെ അവ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചത്. സംഭവം ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ മാധ്യമങ്ങളെ അനുവദിക്കാന്‍ എസ്.പി നേരിട്ട് എസ്.എച്ച്.ഓയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനു ശേഷമാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചത്. പ്രമുഖ രാഷ്ര്ടീയ കക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂര്‍ മിത്രപുരത്ത് എയ്‌സ് ടെമ്പോയും പിക്കപ്പ് വാനൂം കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരപരുക്ക്‌

അടൂര്‍: പിക്കപ്പ്‌വാനും എയ്‌സ് ടെമ്പോയും കൂട്ടിയിച്ച് എം.സി റോഡില്‍ അപകടം. എയ്‌സിനുള്ളില്‍…