പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഇന്നലെ വനിതാ ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി ഇവരെ രാത്രി തന്നെ ഡിസ്ചാര്‍ജ് ചെയ്തു.
മൗണ്ട് സിയോണ്‍ ലോ കോളേജിലെ ഭക്ഷണത്തെപ്പറ്റി മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മൗണ്ട് സിയോണ്‍ ലോ കോളേജ് പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൊളേജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായത്.