
പത്തനംതിട്ട: കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത കേരളം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ജനങ്ങള്‍ അവസരം കൊടുക്കുന്നു. നാടിന്റെ വികസനം പ്രതീക്ഷിച്ച് അവരെ വിശ്വസിച്ചാണ് അവസരം നല്‍കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചോ എന്നത് വോട്ടു ചെയ്ത ജനങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കണം. ബി.ജെ.പിക്ക് വികസനമെന്നത് വെറും തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല. അത് നിറവേറ്റാനുള്ളതാണ്. 2004 ല്‍ കേന്ദ്രത്തില്‍ വാജ്‌പേയ് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റി. അണുപരീക്ഷണം നടത്തി രാജ്യത്തെ ആണവശക്തിയാക്കാനുള്ള ആര്‍ജവം അദ്ദേഹം കാട്ടി. തുടര്‍ന്ന് 10 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ചരിത്രത്തിലില്ലാത്ത വിലക്കയറ്റമാണ് സൃഷ്ടിച്ചത്. ലോക സമ്പദ് വ്യവസ്ഥയില്‍ ഭാരതം താഴേയറ്റത്തായി. ഭരണസംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ഈ കാലത്താണ്. യു.പി.എ മന്ത്രിസഭയില്‍ എട്ടു മലയാളി മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല. അതേ സ്ഥാനത്ത് ഇപ്പോഴത്തെ മോദി സര്‍ക്കാരില്‍ രണ്ടു മന്ത്രിമാരാണുള്ളതെങ്കിലും മുന്‍പെങ്ങും ലഭിക്കാത്ത കേന്ദ്ര പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. അഴിമതി രഹിതമായ സുസ്ഥിര ഭരണം കാഴ്ച വച്ചതിനാലാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം നല്‍കിയത്.
ഈ കാലഘട്ടത്തില്‍ വലിയ കുതിപ്പാണ് രാജ്യം നേടിയത്. ലോകത്ത് നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാന്‍ ബി.ജെ.പി ഭരണത്തിന് സാധിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനുള്ള കരുത്തും രാജ്യം നേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കടംവാങ്ങാതെ ഒരിഞ്ച് മുന്നോട്ടു നീങ്ങാനാകാത്ത സ്ഥിതിയിലാണ്. കെ.എസ്.ആര്‍.ടി.സിയിലും ആശാപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കാന്‍ പോലും കഴിയുന്നില്ല. കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുക എന്നതാണ് സി.പി.എം രാഷ്ര്ടീയം. റോഡ്, റെയില്‍, പോര്‍ട്ട് എന്നിവയുടെവികസനം യാഥാര്‍ത്ഥ്യമാക്കിയത് എന്‍.ഡി.എ സര്‍ക്കാരാണ്. കേരളം മാറിമാറി ഭരിക്കുന്നവരില്‍ സി.പി.എം അക്രമ പാര്‍ട്ടിയും കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയുമാണ്. രണ്ട് രാജവംശങ്ങളിലും മരുമക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 35 വര്‍ഷമായി വോട്ടു ചെയ്യുന്ന മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പ്രശ്‌ന പരിഹാരത്തിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ ഇരുമുന്നണികളും എതിര്‍ത്തു. വോട്ട്ബാങ്കാണ് ഇവരുടെ ലക്ഷ്യം. പാക്കിസ്ഥാന്‍ ഭീകരവാദികളെ ന്യായീകരിക്കുന്നതും വോട്ട് ലക്ഷ്യമാക്കിയാണ്.
രാജ്യ സുരക്ഷക്കായി ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ പൗരന്മാരെ പുറത്താക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാക്കുന്നില്ല. പ്രീണന രാഷ്ര്ടീയം കളിക്കാത്ത ബി.ജെ.പി മനുഷ്യരുടെ മനസില്‍ വിഷം നിറയ്ക്കുന്നില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളില്‍ മോദി സര്‍ക്കാര്‍ വികസനം എത്തിക്കും. 2010 ല്‍ 2 ജി അഴിമതി തുറന്നു കാട്ടിയപ്പോള്‍ തുടര്‍ച്ചയായ നാല് ദിവസം തന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അന്ന് പേടിച്ചിട്ടില്ല, ഇന്നും കോണ്‍ഗ്രസിനെ പേടിക്കുന്നില്ല. പട്ടാളക്കാരന്റെ മകനാണ്. എനിക്കൊപ്പം കേരളത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തോട് നടത്തിയ വഞ്ചനകള്‍ ഇനിയും തുറന്നു കാട്ടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രഭാരി അനൂപ് ആന്റണി, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ കെ.ആര്‍.പ്രതാപചന്ദ്ര വര്‍മ്മ, വിക്ടര്‍ ടി. തോമസ്, മുതിര്‍ന്ന നേതാവ് വി.എന്‍.ഉണ്ണി, ജില്ലാ നേതാക്കളായ അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, എന്‍.ഡി.എ ഘടക കക്ഷി നേതാക്കളായ നോബല്‍ കുമാര്‍, അഡ്വ. മഞ്ജു കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.