യുഎസ് പുരുഷ ഫുട്‌ബോള്‍ ടീമിന്റെ വേള്‍ഡ് കപ്പ് പരിശീലകന്‍ ഗ്രെഗ് ബെര്‍ഹാള്‍ട്ടര്‍ന്റെ യുഎസ് ടീമുമായുള്ള കരാര്‍ ഡിസംബര്‍ 31 നു അവസാനിച്ചതിനെ തുടര്‍ന്ന് യുഎസ് സോക്കര്‍ ഫെഡറേഷന്‍ ഫ്രഞ്ച് സൂപ്പര്‍ താരം സിനദിന്‍ സിദാനെ സമീപിച്ചിരുന്നു.
എങ്കിലും താരം തന്റെ ഏജന്റ് അലൈന്‍ മിഗ്ലിയാസിയോ വഴി ഓഫര്‍ നിരസിച്ചു. 1998 ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു സിദാന്‍.മൂന്ന് തവണ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ സിദാന്‍ 1998ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരജേതാവായിരുന്നു.
2021 ല്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജി വച്ച ശേഷം സിദാന്‍ പരിശീലക കുപ്പായം അണിഞ്ഞിട്ടില്ല. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിലവിലെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ കരാര്‍ 2026 വരെ പുതുക്കിയതിനാല്‍ ഫ്രാന്‍സിനെ പരിശീലിപ്പിക്കുക എന്ന സിദാന്റെ സ്വപ്നം അടുത്തൊന്നും നടക്കാനിടയില്ല.
സിനദീന്‍ സിദാന്‍ ദേശീയ ടീം മാനേജറാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഫ്രഞ്ച് കോച്ചായി ദിദിയര്‍ ദെഷാംപ്‌സ് 2026 വരെ തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റ് സിദാനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സിദാന്‍ എന്ത് ചെയ്താലും താനത് കാര്യമാക്കുന്നില്ല എന്നും,സിദാന്റെ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ല എന്നും ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ലെ ഗ്രായെറ്റ് വിശദീകരണവുമായി രംഗത്ത് വന്നു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, സിദാനെതിരെ താന്‍ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളില്‍ മാപ്പ് പറയുകയാണെന്നും ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖം നടത്തിയ ലേഖകന്‍ ദേഷാമിനെയും സിദാനെയും രണ്ടു ധ്രുവങ്ങളില്‍ നിര്‍ത്തി വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സിദാനോട് എക്കാലവും ബഹുമാനം മാത്രമേയുള്ളു, സിദാനെതിരായ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നു. അത് പാടില്ലാത്തതായിരുന്നു. അത് ആശയക്കുഴപ്പം ഉണ്ടാക്കി. ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് എന്ന പോലെ എനിക്കും അദ്ദേഹത്തോട് തികഞ്ഞ ബഹുമാനം ആണെന്നും ഗ്രായെറ്റ് പറഞ്ഞു.
സിദാനെതിരെയുള്ള ഗ്രായെറ്റിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നിരവധി ആരാധകരും താരങ്ങളും സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയാന്‍ എംബാപ്പേ അടക്കമുള്ളവര്‍ സമൂഹ മാദ്ധ്യമങ്ങ ളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ‘സിദാന്‍ എന്നാല്‍ ഫ്രാന്‍സ് ആണ്. തങ്ങളുടെ ഇതിഹാസ നായകനോട് ഞങ്ങള്‍ ഒരിക്കലും അനാദരവ് കാണിക്കില്ല’ എന്ന് എംബാപ്പേ ട്വിറ്ററില്‍ കുറിച്ചു.
സിദാന്‍ ഫ്രാന്‍സിന്റെ കോച്ച് ആകണമെന്ന് ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെടുന്നതിനിടയിലാണ് വിവാദങ്ങള്‍ ഉണ്ടായത്.