പട്ടിയെ കൂട്ടി ക്വട്ടേഷന്‍: നാട്ടുകാരെ പട്ടി കടിച്ചത് തിരിച്ചടിക്ക് കാരണമായി: ഏനാദിമംഗലത്തെ സുജാതയുടെ കൊലപാതകത്തിലേക്ക് നയിച്ചത് മക്കള്‍ പട്ടിയുമായി നടത്തിയ ക്വട്ടേഷന്‍ ആക്രമണം

0 second read
Comments Off on പട്ടിയെ കൂട്ടി ക്വട്ടേഷന്‍: നാട്ടുകാരെ പട്ടി കടിച്ചത് തിരിച്ചടിക്ക് കാരണമായി: ഏനാദിമംഗലത്തെ സുജാതയുടെ കൊലപാതകത്തിലേക്ക് നയിച്ചത് മക്കള്‍ പട്ടിയുമായി നടത്തിയ ക്വട്ടേഷന്‍ ആക്രമണം
0

അടൂര്‍: ക്വട്ടേഷന് പോകുമ്പോള്‍ രക്ഷാകവചമായി കൊണ്ടു പോകുന്ന പിഗ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ഏനാദിമംഗലത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ മാതാവ് തലയ്ക്ക് അടിയേറ്റ് മരിക്കാന്‍ കാരണമായത്. ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത (59) ആണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് സുജാതയുടെ മക്കളായ സൂര്യലാല്‍ (24), ചന്ദ്രലാല്‍ (21) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ക്വട്ടേഷന്‍ ആക്രമണത്തിന്റെ പ്രത്യാക്രമണത്തിലാണ് സുജാത കൊല്ലപ്പെട്ടത്.

കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിയ്ക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സുജാതയ്ക്ക് തലയ്ക്ക് അടിയേറ്റത്.

സൂര്യലാലും ചന്ദ്രലാലും സുജാതയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അഞ്ചോളം മുന്തിയ ഇനം നായകളെ ഇവര്‍ വളര്‍ത്തിയിരിക്കുന്നു. ഗുണ്ടാ ആക്രമണത്തിന് ഇവര്‍ പോകുന്നത് ഇതില്‍ ഏതെങ്കിലും നായകളുമായിട്ടായിരിക്കും. ബൈക്കിന് പിന്നില്‍ മനുഷ്യന്‍ ഇരിക്കുന്നതു പോലെ ഓടിക്കുന്നയാളുടെ തോളില്‍ കൈയും വച്ച് നായ ഇരിക്കും. ആക്രമണത്തിനിടെ പണി കിട്ടുമെന്ന് വന്നാല്‍ നായയെ ഇറക്കിയാകും സഹോദരന്മാര്‍ രക്ഷപ്പെടുക. നായ എതിരാളികളെ കടിച്ചു കുടയും. ശനിയാഴ്ച മുളയങ്കോട്ട് ക്വട്ടേഷന്‍ ആക്രമണത്തിന് പോയത് പിഗ്ബുള്‍ ഇനം നായയുമായിട്ടായിരുന്നു. ക്വട്ടേഷനില്‍ തിരിച്ചടി കിട്ടിയെന്ന് മനസിലായപ്പോള്‍ ഇവര്‍ നായയെ ഇറക്കി. നായ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു. ശരണ്‍ എന്നയാളുടെ നാലു വയസുള്ള മകള്‍ക്കും കടിയേറ്റു.

ക്വട്ടേഷനില്‍ പരാജയപ്പെട്ടാണ് സൂര്യലാലും ചന്ദ്രലാലും മടങ്ങിയത്. ശരണും കൂട്ടരുമാകട്ടെ പിറ്റേന്ന് രാത്രിയില്‍ മദ്യപാന സദസിനിടെ തിരിച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരായ പതിനഞ്ചു പേരോളം ചേര്‍ന്നാണ് തിരിച്ചടിക്കാന്‍ സൂര്യലാലിന്റെ വീട്ടിലേക്ക് പോയത്. സഹോദരന്മാര്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയാമായിരുന്നതിനാലാണ് അംഗസംഖ്യ വര്‍ധിപ്പിച്ചത്. ഇവരുടെ കൂട്ടത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇനി തങ്ങള്‍ക്ക് നേരെ വന്നാല്‍ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇവര്‍ ഗുണ്ടകളുടെ വീട് അടിച്ചു തകര്‍ത്തപ്പോള്‍ തടസം പിടിക്കാന്‍ ചെന്ന സുജാതയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. തങ്ങളുടെ ആള്‍ക്കാരെ കടിച്ച നായയെയും വെറുതേ വിട്ടില്ല. പിഗ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ മുന്‍കാലിലും പിന്‍കാലിലും വെട്ടേറ്റു. ഇവരുടെ വീട്ടില്‍ അഞ്ചോളം നായകള്‍ ആണ് ഉള്ളത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുജാത മക്കളുടെ കൂട്ടുകാരനായ അക്ബറിനെ വിളിച്ച് വിവരം പറഞ്ഞു. തനിക്ക് തലയ്ക്ക് നല്ല പരുക്കുണ്ടെന്നും ചത്തു പോകുമെന്നും അറിയിച്ചു. പാഞ്ഞ് വന്ന അക്ബര്‍ ബൈക്കിന് പിന്നില്‍ ഇരുത്തിയാണ് സുജാതയെ മെയിന്‍ റോഡിലേക്ക് കൊണ്ടു വന്നത്. അപ്പോഴേക്കും ഇവരുടെ അവസ്ഥ മോശമായി. തുടര്‍ന്ന് അതു വഴി വന്ന കാറില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കുറുമ്പകര ഭാഗത്ത് സുജാതയുടെ മക്കളുമായി ഉണ്ടായ തര്‍ക്കമാണ് സം
ഘര്‍ഷങ്ങളുടെ തുടക്കം. ചീനിവിള കോളനിക്ക് സമീപം സന്ധ്യ എന്നയാളുടെ വസ്തു മണ്ണ് മാന്തി ഉപയോഗിച്ച് നിരപ്പാക്കുന്ന പണി നടക്കവേ അതിര് കെട്ടുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ശരത്, ശരണ്‍ എന്നിവര്‍ സന്ധ്യയുമായി വഴക്കുണ്ടായി. ഇതറിഞ്ഞ് സമീപവാസിയായ അനീഷ് സ്ഥലത്ത് വന്ന് സന്ധ്യയുടെ വസ്തു നിരപ്പാക്കിയ മണ്ണുമാന്തി തടയുകയും ചെയ്തു. വിവരമറിഞ്ഞ് സൂര്യലാലും ചന്ദ്രലാലും സ്ഥലത്തെത്തുകയും അനീഷുമായി തര്‍ക്കം ഉണ്ടായി. അത് സംഘര്‍ഷത്തില്‍ കലാശിച്ചു. സൂര്യലാലും ചന്ദ്രലാലും ഒപ്പം കൂട്ടിയ നായ സമീപത്തുണ്ടായിരുന്നവരെ ഓടിച്ചിട്ട് കടിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഏനാത്ത് പോലീ
സ് കേസെടുത്തിരുന്നു.

അക്രമിസംഘം എത്തിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്. ഞായറാഴ്ച രാത്രി പതിനഞ്ചോളം പേരുള്ള സംഘമാണ് തികച്ചും ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒഴുകുപാറയിലെ വീട്ടില്‍ രാത്രി പത്തരയോടെ എത്തിയത്. സുജാതയുടെ മക്കളെ ഇറക്കി വിടെന്ന് ആക്രോശിച്ച ഇവര്‍ മുറിക്കുളില്‍ കടന്ന് കയറി ഗ്യാസ്, കട്ടില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കിണറ്റില്‍
തള്ളി. അലമാരയും വലിച്ച് കിണറ്റിലിട്ടു. തുണികള്‍ വലിച്ചു വാരിപുറത്തേക്കിട്ടു. ഇതിനിടെയാണ് സുജാതയെ തലയ്ക്ക്ടിച്ച് പരുക്കേല്‍പ്പിച്ചു. ഇവരുടെ വീടിനോട് ചേര്‍ന്ന് താഴെയും മുകളിലുമായി രണ്ട് വീട്ടുകാര്‍ മാത്രമാണ് ഉള്ളത്. ഇവിടെ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏറെ നേരം ഭീകര അന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമിസംഘം  മടങ്ങിയത്.

പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ ടി.ഡി. പ്രജീഷ് (അടൂര്‍), കെ.ആര്‍. മനോജ് കുമാര്‍ (ഏനാത്ത്) എന്നിവരടങ്ങുന്ന 10 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി ആര്‍. ബിനു മേല്‍നോട്ടം വഹിക്കും. സുജാതയുടെ ഇന്‍ക്വസ്റ്റ് നടപടി പൊലീസ് ഇന്നലെ പൂര്‍ത്തീകരിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തും. അക്രമം നടന്ന വീട്ടിലേക്ക് ആരും കടക്കാതിരിക്കാന്‍ ഗാര്‍ഡ് ഏര്‍പ്പെടുത്തി. വിരലടയാള വിദഗ്ദ്ധര്‍, ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഇന്ന് എത്തി തെളിവ് ശേഖരിക്കും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …