
അടൂര്‍: ഏനാദിമംഗലത്ത് വീട്ടമ്മയുടെ മരണത്തിന് കാരണമായ അക്രമ സംഭവങ്ങളിലേക്ക് നയിച്ച ആദ്യ സംഘര്‍ഷത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുറുമ്പകര മുളയംകോട്, കുരിയാക്കോട് പുത്തന്‍ വീട്ടില്‍ അനിയന് കുഞ്ഞി (42) നെയാണ് ഏനാത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്. മനോജ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ചീനിവിള കോളനിക്ക് സമീപം ഉണ്ടായ സംഘര്‍ഷത്തിനിടെ ആയുധം ഉപയാഗിച്ച് തലയ്ക്ക് ഇടിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഒഴുകുപാറ വടക്കേചരുവില്‍ സുജാതയുടെ മക്കളായ സൂര്യലാല്‍ (26), ചന്ദ്രലാല്‍ (21), സുഹൃത്ത് കൊട്ടാരക്കര നെടുവത്തൂര്‍ വല്ലം വിനായകം വീട്ടില്‍ വിഘ്നേഷ് (26) എന്നിവര്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. സുജാതയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അടൂര്‍ പോലീസിന്റെയും പിടിയിലായിരുന്നു.
പടിഞ്ഞാറെ പുത്തന്‍ വീട്ടില്‍ ശരണ്‍ മോഹനന്റെ പരാതിയെ തുടര്‍ന്ന് ഏനാത്ത് പോലീസ് 19 ന് എടുത്ത കേസിലാണ് അറസ്റ്റ്. സംഘര്‍ഷത്തില്‍ ശരണ്‍ മോഹന്‍, ഭാര്യ രേവതി, സഹോദരന് ശരത്ത്, സഹോദരി മോനിഷ, ഭര്‍ത്താവ് അരുണ്‍, മോഹനന് (68) അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. 20 ന് രാത്രി ഇവര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് സുജാത തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.