2023 തുടങ്ങിയതേയുളളൂ. മറക്കാനാഗ്രഹിക്കുന്ന മൂന്നു വര്‍ഷങ്ങള്‍ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തി ക്രിക്കറ്റിലെ രാജാവ് മടങ്ങി വരുന്നു. കരിയര്‍ അവസാനിച്ചുവെന്ന് കടുത്ത ആരാധകര്‍ പോലും കരുതിയിടത്ത് നിന്നും അവന്റെ മടങ്ങി വരവാണ്. കിങ് കോഹ്ലി. ക്രിക്കറ്റിന്റെ രാജാവ്. തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയുമായി കോഹ്ലി മടങ്ങി വന്നിരിക്കുന്നു.
ബംഗഌദേശിനെതിരായ അവസാന ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഇഷാന് കിഷനൊപ്പം കോഹ്ലിയും സെഞ്ച്വറി നേടിയിരുന്നു. ഇഷാനുള്ളതിനാല് അതത്ര ആഘോഷിക്കപ്പെട്ടില്ല. പക്ഷേ, ഇന്ന് ഗുവാഹത്തിയില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ആണെങ്കിലും തന്റെ 45-ാം ഏകദിന സെഞ്ച്വറിയുമായി അരങ്ങ് നിറഞ്ഞു. 4 സെഞ്ച്വറികള്‍ കൂടുതലുള്ള സച്ചിന് മാത്രമാണ് മുന്നില്‍. ഈ ഫോമില്‍ പോയാല്‍, ഈ വര്‍ഷം തന്നെ രാജാവ് അതും മറി കടക്കും.
ഗുവാഹത്തിയില്‍ സ്വന്തം നാട്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലിയുമെത്തിയിരുന്നു. ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി തികച്ചതോടെയാണ് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
ഹോം ഗ്രൗണ്ടില്‍ ഏകദിനത്തില്‍ 20 സെഞ്ചുറികള്‍ നേടിയാണ് സച്ചിന് ലോക റെക്കോര്‍ഡിട്ടത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലിയും ഈ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഏകദിനത്തിലും ടെസ്റ്റിലുമായി കോഹ്ലിയുടെ 73ാം സെഞ്ചുറിയാണിത്.
വേഗത്തില്‍ 12500 റണ്‍സ് തികച്ച ബാറ്ററാണ് കോഹ്ലി. 257 ഇന്നിംഗ്്സുകളിലാണ് ഈ നേട്ടം. ഏകദിനത്തില്‍ കോഹ്ലിയുടെ 45ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ്ലി മറികടന്നു. ശ്രീലങ്കയ്ക്കെതിരെ ഒന്‍പതാമത്തെ സെഞ്ചുറിയാണ് ഗുവാഹത്തിയില്‍ പിറന്നത്. 80 പന്തിലാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 87 പന്തില്‍ 113 റണ്‍സാണ് കോഹ്ലിയുടെ സമ്ബാദ്യം.