തിരുവല്ല: നഗര മധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ശുചീകരണ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമ്പ്രം വൈപ്പിനാലില് ജോമി മാത്യു(42)വാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. വനിതാ സുഹൃത്തിനൊപ്പം ഇന്നലെ രാവിലെയാണ് ജോമി മുറിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ചെക്കൗട്ട് ചെയ്യാനിരിക്കേയായിരുന്നു വിളയാട്ടം.
മുറി വൃത്തിയാക്കാനായി എത്തിയ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരി അല്‍പ്പ നരത്തേക്ക് മുറിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങാന്‍ ജോമിയോട് ആവശ്യപ്പെട്ടു. ഈ സമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ തോക്ക് ചൂണ്ടുകയായിരുന്നു.
ഇവര്‍ ബഹളം വച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 3.5 ജൂള്‍സ് ശേഷിയുള്ള തോക്കാണിത്. 20 ജൂള്‍സ് വരെയുള്ള തോക്കിന് ലൈസന്‍സ് ആവശ്യമില്ല. ആംസ് ആക്ട് ഇട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.