ബംഗളൂരു: ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.എം. ഏബ്രഹാമിനെ കാലാവധിക്കു മുമ്പേ പുറത്താക്കാന്‍ ചരടുവലി തുടങ്ങി. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് കാലാവധി കഴിയാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുള്ള ഏബ്രഹാമിനെ പുറത്താക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക്
അതിവേഗം കൈവന്നിരിക്കുന്നത്.
വൈദികര്‍ക്കിടയിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പിടിവലിയും വ്യക്തി വൈരാഗ്യവുമാണ് വൈസ് ചാന്‍സലറെ പുറത്താക്കുന്നതില്‍ എത്തി നില്‍ക്കുന്നത് എന്നാണ് ആക്ഷേപം. സിഎംഐ കോണ്‍ഗ്രിഗേഷന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ 2019 ലാണ് ഡോ. വി.എം. ഏബ്രഹാം വൈസ് ചാന്‍സിലര്‍ ചുമതലയേറ്റത്. യു.ജി.സി നിയമപ്രകാരം ഡീംഡ് ടു ബി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷമാണ്.
വൈസ് ചാന്‍സലറെ പുറത്താക്കുന്നതിന് സാമ്പത്തികമോ അക്കാദമിക് പരമോ ആയ പിഴവുകള്‍ വരുത്തണം. അതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ഇവിടെ അങ്ങനെ ഒരു നോട്ടീസും ഏബ്രഹാമിന് ലഭിച്ചിട്ടില്ല. എന്നിട്ടും ചാന്‍സലര്‍ നിര്‍ബന്ധിത രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.
വൈദികര്‍ക്കിടയിലെ വിഭാഗീയതയുടെയും വ്യക്തി വൈരാഗ്യത്തിന്റെയും ഇരയാണ് ഡോ. വി.എം. ഏബ്രഹാമെന്നാണ് പറയപ്പെടുന്നത്.
പുതിയ വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് ആവശ്യമായ പത്ര പരസ്യങ്ങളോ നോട്ടിഫിക്കേഷനുകളോ മറ്റും ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ഓര്‍മ്മപ്പെടുത്തി യുജിസി സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റി ഇവര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ പുതിയ വൈസ് ചാന്‍സലര്‍ നിയമനത്തിന് യുജിസിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പട്ടികയിലുള്ളവരുടെ ഗവേഷണ-അധ്യാപന പരമായ യോഗ്യതകള്‍ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.
കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ യോഗ്യത സംബന്ധിച്ച് ചാന്‍സലറും വൈസ് ചാന്‍സലര്‍മാരും തമ്മില്‍ പ്രശ്ങ്ങള്‍ നടക്കുന്നതിനിടയിലാണ് അതിന് സമാനമായ സംഗതികള്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലും നടക്കുന്നത്.
ഭരണപരമായ അസന്തുലിതാവസ്ഥ വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന ഭീതിയിലാണ് രക്ഷിതാക്കള്‍. ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ അസ്വാരസ്യം സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതോടെ അത് സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.