
തിരുവല്ല: ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തു നില്ക്കവേ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ചാരി നിന്നതിന് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു. കുന്നന്താനം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ കുന്നന്താനം തെക്കേ ചാലുങ്കല്‍ വൈശാഖ്, കുന്നന്താനം കാലായില്‍ വീട്ടില്‍ എല്ബിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്നന്താനം ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചിലെ താല്‍ക്കാലിക
ജീവനക്കാരന് അഭിലാഷ് ആണ് വിദ്യാര്‍ത്ഥികളെ കുത്തി പരിഹരിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ആയിരുന്നു സംഭവം. ബസ് കാത്തുനിന്ന് വിദ്യാര്‍ഥികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അഭിലാഷിന്റെ ബൈക്കില്‍ ചാരി നിന്നു. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാര്‍ഥികളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഓഫീസില്‍ പോയി മടങ്ങിയെത്തിയ അഭിലാഷ് കത്തിയെടുത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ എല്‍ബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വൈശാഖിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവില്‍ പോയതായി കീഴ്വായ്പൂര് പോലീസ് പറഞ്ഞു.