കട്ടപ്പനയിലെ ട്രാഫിക് എസ്‌ഐ പെറ്റിയടിച്ചു പെട്ടു: തലയൂരാന്‍ വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി ഊരാക്കുടുക്കില്‍

0 second read
Comments Off on കട്ടപ്പനയിലെ ട്രാഫിക് എസ്‌ഐ പെറ്റിയടിച്ചു പെട്ടു: തലയൂരാന്‍ വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി ഊരാക്കുടുക്കില്‍
0

കട്ടപ്പന: പാര്‍ക്കിങിന്റെ പേരില്‍ ട്രാഫിക്ക് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ പീഡനം. എവിടെ പാര്‍ക്ക് ചെയ്താലും എസ്‌ഐ പെറ്റിയടിക്കും. എവിടെയൊക്കെയാണ് പാര്‍ക്കിങ്, നോ പാര്‍ക്കിങ് എന്നറിയാതെയുള്ള പെറ്റിയടി കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാരില്‍ ചിലര്‍ വിവരാവകാശം കൊടുത്തു. അതിന് എസ്‌ഐ നല്‍കിയ മറുപടി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. അപ്പീല്‍ അധികാരിക്ക് പരാതി നല്‍കിയപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് എസ്‌ഐയുടെ കുറ്റസമ്മതം.കട്ടപ്പന ട്രാഫിക് പോലീസ് യൂണിറ്റിലെ എസ്‌ഐ എസ്. സുലൈഖയാണ് പുലിവാല്‍ പിടിച്ചിരിക്കുന്നത്.

ടൗണിലെ റോഡിന്റെ വശങ്ങളില്‍ പാര്‍ക്കുചെയ്തിട്ടുളള വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃത പാര്‍ക്കിങ് എന്ന പേരില്‍ പിഴയടപ്പിക്കുകയാണെന്നാണ് വ്യാപക പരാതി. എവിടെയാണ് പാര്‍ക്കിങ് ഏരിയ എന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള പെറ്റിയടി നാട്ടുകാരെ തെല്ലൊന്നുമല്ല വലച്ചത്. നിരന്തര ശല്യം മൂലംപൊറുതിമുട്ടിയ നാട്ടുകാരില്‍ ചിലരാണ് ടൗണില്‍ എവിടെയൊക്കെയാണ് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നുവെന്ന് ചോദിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്.

നഗരസഭയില്‍ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി ചേര്‍ന്ന് നോ പാര്‍ക്കിങ് പോയിന്റുകള്‍ നിജപ്പ ടുത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എവിടെയൊക്കയാണ്. അങ്ങനെ നിജപ്പെടുത്തിയ വിവരം പൊതുജനങ്ങളുടെ അറിവിലേക്ക് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ, ഗസറ്റ് നോട്ടിഫിക്കേഷന്‍ നടത്തിയിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ആരാഞ്ഞത്. അതിനുള്ള മറുപടിയില്‍ ഇവയെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ രേഖകള്‍ നഗരസഭ അധികൃതരുടെ കൈവശമാണെന്നുമായിരുന്നു ട്രാഫിക് പൊലീസ് നല്‍കിയ മറുപടി.

ട്രാഫിക് പോലീസ് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ നരസഭയില്‍ നല്‍കിയ അപേക്ഷക്കു ലഭിച്ച മറുപടിയില്‍ നഗരസഭയോ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി അങ്ങനെയൊരുതീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയിച്ചത്. ട്രാഫിക്ക് പൊലീസ് എസ്.എച്ച്.ഒ തെറ്റായ വിവരം നല്‍കിയെന്ന് ആരോപിച്ച് പരാതിക്കാര്‍ അപ്പലേറ്റ് അധികാരിയായ കട്ടപ്പന ഡിവൈഎസ്പിക്ക് അപ്പീല്‍ നല്‍കി. അപ്പിലിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട ഡിവൈഎസ്പിക്കുള്ള മറുപടിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുലൈഖ തന്റെ മുന്‍ഗാമിയായിരുന്ന എസ്.എച്ച് ഒ സുമതിയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ മറുപടി നല്‍കിയതെന്നാണ് പറഞ്ഞത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ യൂണിറ്റിന്റെ അപ്പീല്‍ അധികാരി ജില്ലാ പോലീസ് മേധാവിയാണെന്നും എസ്‌ഐ മറുപടി നല്‍കിയിരുന്നു. അത് മനപൂര്‍വമായ വീഴ്ചയല്ലെന്നും മാപ്പാക്കി ശിക്ഷണ നടപടിയില്‍ നിന്നൊഴിവാക്കണമെന്നും എസ്‌ഐയുടെ കുറ്റസമ്മത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പിഴയടപ്പിക്കണമെങ്കില്‍ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ചേര്‍ന്ന് നോ പാര്‍ക്കിങ് പോയിന്റുകള്‍ നിശ്ചയിച്ച് അത് നടപ്പിലാക്കുന്നതിന് ഒരുമാസം മുമ്പ് പത്ര പരസ്യം മുഖേന നോപാര്‍ക്കിങ് സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണം.
പൊതുജനങ്ങളില്‍ ആര്‍ക്കും അക്കാര്യത്തില്‍ എതിര്‍പ്പില്ലെങ്കില്‍ തുടര്‍ന്ന് ഗസറ്റില്‍ പരസ്യം ചെയ്യണമെന്നും ആണ് നിയമം അനുശാസിക്കുന്നത്.

എന്നാല്‍ ഇതൊന്നും ചെയ്യാതെ ആരെങ്കിലും പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ വഴിയില്‍ പാര്‍ക്കു ചെയ്തതായി കാണുന്ന മുഴുവന്‍ വാഹനങ്ങളുടെയും പടമെടുത്ത് പിഴയടപ്പിക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിട്ടുളളത്. അതേസമയം പൊലീസ് സ്‌റ്റേഷന്‍ ജങ്ഷന്‍ മുതല്‍ പളളിക്കവല വരെയുള്ള ഭാഗത്ത് ഫുട് പാത്ത് കൈയേറി കാല്‍നടക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ച് നിരന്തരം പാര്‍ക്ക ചെയ്തിരിക്കുന്ന നിരവധി വാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.

ആ ഭാഗത്തുളള ചില തല്‍പ്പര കക്ഷികളുടെ വ്യാപാര താല്‍പര്യമാണ് അതിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടൗണിലെ ട്രാഫിക്ക് ബ്ലോക്കുകളില്‍ പെട്ടു പോകുന്ന വാഹനങ്ങളുടെ ഫോട്ടെയെടുത്ത് പിഴയടപ്പിക്കുന്നതായും പരാതിയുണ്ട്.

പോലീസിന് നിശ്ചയമില്ലാത്ത കാര്യങ്ങളില്‍ ആരോ പറഞ്ഞു എന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി നിര്‍ത്തലാക്കണമെന്നും നിയമ വിരുദ്ധമായി പൊതുജനങ്ങളെ ശല്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥക്കതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കംപ്ലെയിന്റ് അഥോരിറ്റിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …