അടൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന് തോമസ് (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. കോടികളുടെ ബാധ്യത ടെസനുണ്ടായിരുന്നുവെന്ന് പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു ടെസന്റെ വിവാഹം. രണ്ടാഴ്ചയ്ക്ക് ശേഷം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങിയെന്നും പറയുന്നു. കുടുംബത്തിലും അസ്വാരസ്യങ്ങളുണ്ടായി. വീട്ടുകാര്‍ക്ക് വലിയ ഒരു തുക ബാധ്യത വരുത്തി വച്ചിരുന്നു. ഓണ്‍ലൈനിലും നേരിട്ടും വായ്പയെടുത്തു. നാട്ടില്‍ പലരില്‍ നിന്നും വന്‍ തുക ടെസന് വായ്പ വാങ്ങിയിരുന്നുവെന്ന് പറയുന്നു.
സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസന്റേത്. ഓണ്‍ലൈന്‍ ഷെയര്‍മാര്‍ക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെ ഇയാള്‍ അതിന് അഡിക്ട് ആവുകയായിരുന്നുവെന്ന് പറയുന്നു. ചെറിയ ചെറിയ ബാധ്യതകള്‍ മറികടക്കാന്‍ കടം വാങ്ങി വലിയ കടക്കെണിയില്‍പ്പെട്ടു പോവുകയായിരുന്നു. കടബാധ്യതയും വീട്ടിലെയും കുടുംബജീവിതത്തിലെയും അസ്വസ്ഥതകളാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.