കോഴഞ്ചേരി: ശബരിമല അയ്യപ്പന് ഭക്തര്‍ കാണിക്ക ആയി സമര്‍പ്പിച്ച വഴിപാട്
സാധനങ്ങളില്‍ കുറവുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ
അടിസ്ഥാനത്തില്‍ പരിശോധനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ഇക്കഴിഞ്ഞ മണ്ഡല-മകര വിളക്ക് കാലയളവില്‍ ശബരിമലയില്‍ ലഭിച്ചതും ആറന്മുള ദേവസ്വം സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതുമായ സ്വര്‍ണം, വെള്ളി ഉരുപ്പടികളിലാണ് കുറവ് കണ്ടെത്തിയതായി വ്യാപക പ്രചാരണം ഉണ്ടായത്.
ഇതേ തുടര്‍ന്നാണ് പരിശോധനക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ കാലങ്ങളായി സൂക്ഷിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്ട്രോങ് റൂമിലാണ്. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ ആറന്മുളയില് തിങ്കളാഴ്ച സ്ട്രോങ്ങ് റൂം തുറന്നു പരിശോധന നടത്തി. രാവിലെ ആരംഭിച്ച കണക്കെടുപ്പ് വൈകുന്നേരം വരെ തുടര്‍ന്നു. ഭക്തര്‍ വഴിപാടായി നല്കിയ സ്വര്‍ണം, വെള്ളി തുടങ്ങിയ ഉരുപ്പടികള്‍ സന്നിധാനത്ത് വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ മഹസര്‍ തയാറാക്കി പോലീസ് സുരക്ഷയിലാണ് പതിവനുസരിച്ച് ആറന്മുളയിലെ സ്ട്രോങ് റൂമില്‍ എത്തിച്ചത്.
ഇതില്‍ കുറവ് കണ്ടു എന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായാണ് ചിലര്‍ ആരോപണം ഉന്നയിച്ചത്. ഇത്തവണ 3300 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. വിജിലന്‍സ് പരിശോധിച്ച്
ഉറപ്പാക്കിയാണ് സ്ട്രോങ് റൂമില്‍ കൊണ്ടുവന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്ത ഗോപന് അറിയിച്ചു. എല്ലായിടത്തും സി.സി.ടി.വി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.