
പത്തനംതിട്ട: ഓമല്ലൂര്‍ റോഡില്‍ കുളം ജങ്ഷനില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞതിന് അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവില്‍ പി. എസ്. സാമുവല്‍ (65) നാണ് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. കോട്ടയം ജില്ലാ ആശുപത്രിക്കു സമീപംവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും അവിടെ പ്രവശേിപ്പിച്ചയുടന്‍ മരിക്കുകയുമായിരുന്നു.
പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടിക കുളം ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.10 നാണ് അപകടം. ഓമല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഈ സമയം കൊടുന്തറ റോഡില്‍ നിന്ന് പ്രധാന പാതയിലേക്ക് വന്നിറങ്ങുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികന്‍. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ ലോറി വലതു വശത്തേക്ക് വെട്ടിക്കുകയും നിയന്ത്രണം വിട്ട് തല കീഴായി റോഡിന് കുറുകേ മറിയുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി തട്ട സ്വദേശി കെ.ജി. ശ്രീനിവാസന്‍ പറഞ്ഞു. ഇതിനിടെ എതിരേ വന്ന കുളനട സ്വദേശിയുടെ കാറിന്റെ ബാക്ക് ഡോറിലും ബമ്പറിലും ലോറി ഇടിച്ചു. തല കീഴായി മറിഞ്ഞ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ തവിടു പൊടിയായി. പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ സാമുവലിനെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി . ഇടിയുടെ ആഘാതത്തില്‍ ഓടയും തകര്‍ന്നിട്ടുണ്ട്.
ഇതോടെ പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷട്ടര്‍ മുക്ക്, പുത്തന്‍പീടിക, ഓമല്ലൂര്‍ കുരിശടി ജങ്ഷന്‍, സന്തോഷ് മുക്ക് എന്നിവിടങ്ങളില്‍ നിന്ന് വാഹനഗതാഗതം വഴി തിരിച്ചു വിട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സാമുവല്‍ തൂക്കുപാലത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജിജു, സജു. മരുമക്കള്‍: ജിനു, അനു.