
കട്ടപ്പന: ഹര്‍ത്താല്‍ ദിനത്തില്‍ ഹാജരാകാതിരുന്ന കൃഷിഓഫീസിലെ ജീവനക്കാര്‍ പിറ്റേന്ന് വന്ന് തലേ ദിവസത്തെ ഹാജര്‍ രേഖപ്പെടുത്തിയെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പരാതി മേലധികാരികള്‍ക്ക് നല്‍കി. കഴിഞ്ഞ നവംബര്‍ 28ന് നടന്ന യുഡിഎഫ് ഹര്‍ത്താലിനെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന കട്ടപ്പന കൃഷിഭവനിലെ ജീവനക്കാര്‍ അടുത്ത ദിവസം ഓഫീസിലെത്തി തലേദിവസത്തെ ഹാജര്‍ രേഖപ്പെടുത്തിയതായിട്ടാണ് വിവരാവകാശ രേഖ ലഭിച്ചത്.
ഹര്‍ത്താല്‍ദിവസം ഓഫീസ് പൂര്‍ണമായും അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനശക്തി സംസ്ഥാന കമ്മറ്റി അംഗം റോയി ജോര്‍ജ് സ്ഥാപനത്തിലെ ഹാജര്‍ബുക്കിന്റെ പകര്‍പ്പ് വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ടു. ഹാജര്‍ബുക്ക് പരിശോധിച്ചപ്പോള്‍ 28ന് കാഷ്വല്‍ ലീവിലായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഒഴികെ മറ്റു മുഴുവന്‍ പേരും ഹാജര്‍ മാര്‍ക്കു ചെയ്തിരിക്കുന്നതായി ക.ണ്ടെത്തുകയായിരുന്നു.
അതേ തുടര്‍ന്ന് ഓഫീസില്‍ ഹാജരാകാതെ അനധികൃതമായി ഹാജര്‍ രേഖപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി അസി.ഡയറക്ടര്‍ക്ക് റോയി പരാതി നല്‍കിയിരിക്കുകയാണ് . അടച്ചിട്ടിരുന്ന ഓഫീസിന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹൈറേഞ്ചിലെ മിക്ക ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ് .കട്ടപ്പന നഗരസഭയില്‍ ഇത്തരത്തില്‍ അനധികൃതമായി ഹാജര്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ ജനശക്തി നല്‍കിയ പരാതിയില്‍ നാല് നഗരസഭ ജീവനക്കാര്‍ക്കെതിരെ ഓംബുഡ്‌സ്മാന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ഡിസംബറില്‍ നിയമ നടപടിസ്വീകരിച്ചിരുന്നു. കട്ടപ്പനയിലെ പല ഓഫീസുകളിലെയും ജീവനക്കാര്‍ വെളളിയാഴ്ച ഉച്ചയോടെ ഓഫീസ് കാലിയാക്കുന്നതായും പിന്നീട് തിങ്കളാഴ്ച ഉച്ചക്കു ശേഷമോ ചൊവ്വാഴ്ചയോ ആണ് ഓഫീസിലെത്തുന്നതെന്നും ആരോപണം ഉണ്ട്.