
കട്ടപ്പന: ഇടുക്കി ഡാമിന്റെ സംരക്ഷിത മേഖല പഞ്ചായത്ത് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആക്ഷേപം. കട്ടപ്പനകുട്ടിക്കാനം റോഡില്‍ വെളളിലാങ്കണ്ടം കുഴല്‍ പാലത്തിന് സമീപമുള്ള ഡാമിന്റെ വൃഷ്ടി പ്രദേശമാണ് കാഞ്ചിയാര്‍ പഞ്ചായത്ത് കൈയേറി കംഫര്‍ട്ട് സ്‌റ്റേഷനും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മ്മിച്ചത്. ജലസംഭരണിയില്‍ കൈയേറ്റങ്ങള്‍ ശിക്ഷാര്‍ഹമാണെന്ന ഡാം സേഫ്റ്റി ഡിവിഷന്‍ (രണ്ട്)എക്‌സിക്യൂട്ടീവ് എന്‍ിനീയറുടെ അറിയിപ്പ് ബോര്‍ഡിന്റെ സമീപത്തു തന്നെയാണ് കൈയേറ്റമെന്നതും ശ്രദ്ധേയമാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി താല്‍ക്കാലികമായി കംഫര്‍ട്ട് സ്‌റ്റേഷന്‍ ഡാം റിസര്‍വയോറില്‍ നിര്‍മിക്കാന്‍ ഭരണകൂടം പഞ്ചായത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറ പിടിച്ചാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്‌സും കംഫര്‍ട്ട് സ്‌റ്റേഷനും സ്ഥിരമായി നിര്‍മ്മിച്ചത്. നിര്‍മ്മാണം നടക്കുന്നതിനിടെ റിസര്‍വയോറിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം സേഫ്റ്റി ഡിവിഷന്‍ ഓഫീസില്‍ നിന്ന് ഏതാനും ചില ഉദ്യോഗസ്ഥരെത്തി നിര്‍മാണങ്ങളുടെ ചിത്രം പകര്‍ത്തിപ്പോയതൊഴിച്ചാല്‍ പിന്നീട് നടപടികളുണ്ടായില്ല. തങ്ങളുടെ സുരക്ഷ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലം കൈയേറി നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതിയും കെഎസ്ഇബി നല്‍കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും പുറമ്പോക്കിന്റെ സംരക്ഷണ അവകാശം തങ്ങള്‍ക്കാണെന്നുമാണെന്നുമാണ് പഞ്ചായത്തിന്റെ വാദം.എന്നാല്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്നു ചെയിനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്.
അതേസമയം തൊട്ടടുത്ത അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് തൂക്കുപാലത്തിന് സമീപം വ്യക്തി സൗജന്യമായി വിട്ടു നല്കിയ സ്ഥലത്ത് സമാന രീതിയില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഈ സ്ഥലം ജലസംഭരണിയുടെ ഭാഗമാണെന്ന് കാണിച്ച് കെഎസ്ഇബി അധികൃതര്‍ പഞ്ചായത്തിന് നിരോധന ഉത്തരവും നല്‍കി.
പഞ്ചായത്ത് നടത്തിയ കൈയേറ്റം സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനീയര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ (രണ്ട് ) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയും വിചിത്രമാണ്. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ പുതിയ കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മറുപടി.