
കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂര്‍ പുളിമുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു മണല്‍ വാരലുകാരെ പണം ചോദിച്ച് വിരട്ടുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ, ആ ഓഡിയോ ക്ലിപ്പില്‍ നിന്ന് വളരെയധികം വ്യക്തമായ കാര്യം കോയിപ്രം പോലീസിന് വന്‍തുക പടി നല്‍കിയാണ് മണല്‍ വാരുന്നതും കടത്തുന്നത് എന്നുമാണ്. ഓഡിയോ ക്ലിപ്പ് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായി മാത്രം കണ്ട് മറ്റു പാര്‍ട്ടിക്കാരും പോലീസും അത് അവഗണിച്ചു. പോലീസിനെ കൂടി പ്രതിക്കൂട്ടിലാക്കുന്ന ആ ക്ലിപ്പിനെതിരേ ഒരു അന്വേഷണവും നടക്കുന്നില്ല എന്നാണ് അറിയുന്നത്. ആറന്മുള, കോയിപ്രം പോലീസ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ യന്ത്രവല്‍കൃത മണല്‍ ഖനനം നിര്‍ബാധം നടക്കുന്നുവെന്നാണ് വിവരം.
പമ്പാനദിയില്‍ നിന്നും മോട്ടോര്‍ ഘടിപ്പിച്ച വള്ളത്തില്‍ വന്‍ തോതില്‍ അനധികൃതമായി മണല്‍ കടത്തുന്നു. കടത്തിന് ചെങ്ങന്നൂര്‍, ആറന്മുള പോലീസും റവന്യൂ വകുപ്പും മൗനാനുവാദം നല്‍കുന്നതായും ആക്ഷേപം. വരട്ടാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് വാരുന്ന മണലാണ് എന്നു പറഞ്ഞാണ് പമ്പാനദിയില്‍ നിന്നും അനധികൃതമായി വള്ളത്തില്‍ കയറ്റിയ മണല്‍ വന്‍ വിലയ്ക്ക് ചെങ്ങന്നൂര്‍ -ആലപ്പുഴ മേഖലകളില്‍ വില്‍ക്കുന്നത്.
മാരാമണ്‍- ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ നടക്കുന്ന നഗറിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണല്‍ ധാരാളമായുണ്ട്. അധികം മെനക്കെടാതെ തന്നെ മണല്‍ വാരിക്കൂട്ടാമെന്നതാണ് ഈ ഭാഗത്തെ പ്രത്യേകത.
മണല്‍പ്പുറത്തേക്ക് സുഗമമായ യാത്രയ്ക്ക് വഴികളുമുണ്ട്. അര്‍ധരാത്രിയോടു ചേര്‍ന്ന സമയത്താണ് മണല്‍ കടത്ത് വ്യാപകമായി നടക്കുന്നതെന്ന് പറയുന്നു. നദിയിലൂടെ മോട്ടോര്‍ ഘടിപ്പിച്ച വെള്ളത്തിലെത്തിയാണ് മണല്‍ വാരി കടത്തുന്നത്. ഉത്രട്ടാതി ജലോത്സവത്തിന്റെ ഫിനിഷിങ് പോയിന്റ് മുതല്‍ ആറന്മുള ക്ഷേത്രക്കടവ് വരെ മുകളിലേക്കും അതിനു മുകളിലായി മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്ന പ്രദേശത്തും മണല്‍വാരുന്നതായി പരാതികളുണ്ട്. റോഡിലൂടെ വാഹനങ്ങളില്‍ എത്താത്തതിനാല്‍ പമ്പാനദിയിലെ ഇത്തരം അനധികൃത നീക്കങ്ങള്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. എന്നാല്‍ പോലീസും റവന്യൂവകുപ്പും യാതൊരു നടപടികളും മണല്‍വാരലിനെതിരേ സ്വീകരിക്കാത്തത് ദുരൂഹമാണ്.
മണല്‍വാരലിലൂടെ പമ്പയുടെ പല ഭാഗങ്ങളിലും വന്‍തോതില്‍ ചുഴി രൂപപ്പെടുന്നുണ്ട്.
കഴിഞ്ഞയിടെ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്ന ഭാഗത്ത് മൂന്ന് യുവാക്കള്‍ നദിയില്‍ വീണു മരിക്കാനിടയായതും ഇത്തരത്തില്‍ രൂപപ്പെട്ട ചുഴിയില്‍ വീണാണ്. ആറ്റുമണലിന് വന്‍ ആവശ്യക്കാരുളളതിനാല്‍ അനധികൃതമായി വാരിക്കൂട്ടുന്നവര്‍ക്ക് കൊള്ളലാഭമാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി മണല്‍വാരല്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ പമ്പാനദിയുടെ പല ഭാഗങ്ങളിലും നല്ലതോതില്‍ മണല്‍ശേഖരവുമുണ്ട്. ഇതു കണ്ടെത്തി വളരെ വേഗത്തില്‍ വാരി വില്പന നടത്താമെന്നായതോടെ മാഫിയ സംഘവും തഴച്ചുവളര്‍ന്നതായി പറയുന്നു. രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ മണല്‍ മാഫിയയെ ആരും ശ്രദ്ധിക്കാതെയുമായി. മണല്‍വാരല്‍ തടയാനെത്തിയാല്‍ നേരിടാനുള്ള ഒരുക്കങ്ങളുമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും പറയുന്നു. വള്ളത്തിലൂടെ എത്തി പല ഭാഗങ്ങളിലായി ക്യാമ്പ് ചെയ്തു നിരീക്ഷിച്ചു കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നത്.