
കോഴഞ്ചേരി: പഞ്ചായത്ത് സ്‌റ്റേഡിയം വിറ്റു തുലയ്ക്കാന്‍ ഭരണാധികാരികള്‍. കിട്ടുന്ന വിലയ്ക്ക് വാങ്ങി ചുറ്റുമുളള വയല്‍ കൂടി നികത്തിയെടുക്കാന്‍ പ്ലാനിട്ട് ഭൂമാഫിയ. വിവാദം ഉയരുമ്പോഴും നിലപാട് വ്യക്തമാക്കാതെ മൂന്നു മുന്നണികളുടെയും ഒത്താശ. പുത്തന്‍ തലമുറയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാനാണ് പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മാണം ആരംഭിച്ചത്. പക്ഷേ, ഇത് തങ്ങളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് പറഞ്ഞ് മറിച്ചു വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ ആണ് നീക്കം.സ്‌റ്റേഡിയം ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്ന ആറന്മുള
വിമാനത്താവള പദ്ധതി പ്രമോട്ടറും പ്രമുഖ വ്യവസായിയും രാഷ്ര്ടീയ നേതാവുമായ ഏബ്രഹാം കലമണ്ണിലിന്റെ കത്ത് പഞ്ചായത്ത് ഭരണ സമിതി പരിഗണിക്കും. ഭരണ മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ഇക്കാര്യം അജണ്ടയില്‍ ഇല്ലാതെ ചര്‍ച്ചയ്ക്ക് വരുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെ കമ്മറ്റിയില്‍ എതിര്‍പ്പായി. ചര്‍ച്ച നീണ്ടതോടെ കൂടുതല്‍ പഠനത്തിനായി മാറ്റി വച്ചു. സ്‌റ്റേഡിയം ഏറ്റെടുത്തു നടത്താന്‍ തയാറായി വന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണെങ്കിലും പ്രതിപക്ഷമായ ഇടത് കക്ഷികളിലെ അംഗങ്ങളും എതിര്‍പ്പ് ഉയര്‍ത്തിയില്ല.
പഞ്ചായത്ത് ഭരണകര്‍ത്താക്കളില്‍ ഏതാനും പേര്‍ ഒഴികെ ഉള്ളവരെ നേതാവ് കാര്യമായി കണ്ടിരുന്നു എന്നാണ് പറയുന്നത്. തിരുവല്ല -പത്തനംതിട്ട റോഡില്‍ തെക്കേമലക്കടുത്ത് തണുങ്ങാട്ടില്‍ പാലത്തിനോട് ചേര്‍ന്നാണ് കോഴഞ്ചേരിയില്‍ കായിക പ്രതിഭകളെ വളര്‍ത്താനായി സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി മൂന്നേക്കറോളം പാടം പല ഘട്ടങ്ങളിലായി നികത്തി. വിക്ടര്‍ ടി തോമസ്, ബാബു കോയിക്കലേത്ത്, മിനി ശ്യാം മോഹന്‍, ആനി ജോസഫ് എന്നിവര്‍ പഞ്ചായത്ത് നയിച്ച കാലഘട്ടത്തില്‍ സ്‌റ്റേഡിയം വികസനത്തിനായി പദ്ധതികള്‍ തയാറാക്കി. എന്നാല്‍ പലതും ഫലപ്രാപ്തിയില്‍ എത്തിയില്ല. സ്‌റ്റേഡിയത്തിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കുകയും ചെയ്തു. ഓപ്പണ്‍ എയര്‍ സ്‌റ്റേജ്, കമ്യൂണിറ്റി ഹാള്‍ എന്നിവ പദ്ധതിയില്‍ ഉണ്ടായിരുന്നു.
ഇതിനു പിന്നാലെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ്
നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി. കൃഷി ഭവന്‍, ആയുര്‍വേദ ആശുപത്രി,
വനിതാ സഹകരണസംഘം, മല്‍സ്യ ഫെഡ് തുടങ്ങിയവയ്ക്കായും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പഞ്ചായത്തിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായ മാലിന്യ നിര്‍മ്മാര്‍ജനത്തിനായി പ്ലാന്റും ഇവിടേക്ക് വന്നു. ഇതോടെ സ്‌റ്റേഡിയത്തിന്റെ വിസ്തൃതി കുറഞ്ഞു കൊണ്ടേയിരുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ കൂടുതല്‍ പാടം ഏറ്റെടുക്കുന്നതിനായി ഒന്‍പത് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിലേക്ക് അടച്ചിരുന്നു.
സ്ഥലം ഏറ്റെടുപ്പ് പല കാരണങ്ങളാല്‍ വൈകി. റവന്യു അധികൃതര്‍ അളന്ന് അതിര്‍ത്തി നിശ്ചയിക്കാന്‍ എത്തിയപ്പോള്‍ കാടു കയറി കിടന്നിരുന്നതിനാല്‍ തടസപ്പെട്ടു. കാട് തെളിച്ച് അളക്കാവുന്ന അവസ്ഥ വന്നപ്പോള്‍ ഉടമകളും സര്‍വേ നമ്പറുകളും തമ്മില്‍ പൊരുത്തപ്പെടാതായി. ഇതോടെ സ്ഥലമെടുപ്പ് നീണ്ടു പോയി.
പമ്പയില്‍ നിന്നെടുത്ത ചെളിയും മണ്ണും നിറഞ്ഞതോടെ സ്‌റ്റേഡിയത്തില്‍ കായിക പരിശീലനത്തിന് സ്ഥലം ഇല്ലാതെ ആകുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സ്‌റ്റേഡിയം അടങ്കം ഏറ്റെടുക്കാന്‍ തയാറായി ആറന്മുള വിമാനത്താവള പദ്ധതിക്കാര്‍ രംഗത്ത് വന്നത്. നിലവിലെ സ്‌റ്റേഡിയത്തിന് മുകളിലായി വ്യക്തികള്‍ക്ക് ഉണ്ടായിരുന്ന പാടശേഖരം മിക്കതും ഇവര്‍ വാങ്ങിയതായി പറയുന്നു.
പഞ്ചായത്ത് സ്‌റ്റേഡിയം വാടകയ്ക്കായാലും വിലയ്ക്കായാലും ഏറ്റെടുത്താല്‍ വികസനത്തിനായി നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതും ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ കൈവശം ഉള്ളതുമായ പാടങ്ങളെല്ലാം നികത്തി എടുക്കാന്‍ കഴിയും. നഗരമധ്യത്തില്‍ ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് പാടം നികത്തി എടുക്കുകയും ചെയ്യാം. പൊങ്ങണം തോട് നികത്തി എടുത്ത് മതില്‍ കെട്ടി അടച്ചതും ഇവര്‍ തന്നെയാണ്. പൊങ്ങണം തോട് സംരക്ഷണം പറയുന്നവര്‍ ഈ നികത്തലില്‍ മൗനം പാലിക്കുകയാണ്. എന്‍ജിനിയറിങ്, മെഡിക്കല്‍, നിയമം അടക്കമുള്ള മേഖലകളില്‍പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് തങ്ങളുടെ വാഹനങ്ങള്‍ സ്‌റ്റേഡിയത്തില്‍ അനുമതിയില്ലാതെ പാര്‍ക്ക് ചെയ്യുന്നത് വിവാദമായിരുന്നു. ഇതേ തരത്തില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ അറിഞ്ഞു നികത്തിയ സ്ഥലത്താണ് ഇതിനു സമീപം സ്റ്റാര്‍ ഹോട്ടല്‍ പണിതിരിക്കുന്നത്. ആദ്യം പാടം നികത്തിയവര്‍
ഹോട്ടല്‍ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കി വില്‍പ്പനയും നടത്തി. നിരവധി സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഈ ഹോട്ടല്‍ ഉദ്ഘാടനത്തിലും തുടര്‍ ചടങ്ങുകളിലും പങ്കെടുത്തു.
വൈദ്യുതി, കൃഷി വകുപ്പുകളുടേതടക്കം സര്‍ക്കാര്‍ പരിപാടികളും ഇവിടെയാണ് നടക്കുന്നത്. ഇത്തരത്തില്‍ സ്വാധീനം ഉണ്ടെങ്കില്‍ സ്‌റ്റേഡിയത്തിന് മറുവശവും നികത്തുന്നതിന് തടസമില്ല. ഈ പാടവും അധികം വൈകാതെ കരഭൂമിയാക്കാന്‍ കഴിയും. സമീപം അടുത്തിടെ ഒരേക്കറോളം വയല്‍ നികത്തിയിരുന്നു. ഇതിന് രേഖ ഉണ്ടെന്നാണ് ഇവരുടെ വാദം. കാര്‍ഷിക വികസന സമിതി അംഗീകാരവും നല്‍കിയിട്ടുണ്ടത്രേ. അനധികൃത നിര്‍മ്മാണവും നികത്തലും അടക്കം സാധൂകരിച്ചു നല്‍കാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുംതുനിഞ്ഞിറങ്ങുമ്പോള്‍ ഇവിടെ സ്‌റ്റേഡിയം മാത്രമല്ല സഹകരണ സംഘം വക വസ്തുവും ആര്‍ക്കും വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.