
പത്തനംതിട്ട: സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസല്‍ക്കാരത്തിനിടെ പോലീസുകാരുടെ തമ്മിലടി. രണ്ടു പേരെ അടിയന്തര പ്രാധാന്യത്തോടെ സസ്പെന്‍ഡ് ചെയ്തു. പരിപാടി സംഘടിപ്പിക്കുകയും തമ്മിലടിക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് സൂചന.
പത്തനംതിട്ട എ.ആര്. ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ഗിരി, ഡ്രൈവര്‍ എസ്. സി.പി.ഓ സാജന് എന്ന് അറിയപ്പെടുന്ന ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ.ആര്. ക്യാമ്പിലെ മുന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജയകുമാര്‍ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരേ നടപടിയില്ല.
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സല്‍ക്കാരം ഇന്നലെ മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓഡിറ്റോറിയത്തിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസിന്റെ പാര്‍ട്ടി സ്ഥിരമായി ഇവിടെ നടക്കാറുള്ളതിനാല്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
അജയകുമാറും ജോണ്‍ ഫിലിപ്പും ചേര്‍ന്ന് എ.എസ്.ഐ ഗിരിയെ മര്‍ദിക്കുകയായിരുന്നു. ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതല മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ എന്നിവയുടെയൊക്കെ ബില്‍ സമര്‍പ്പിക്കുന്നത് ഇദ്ദേഹമാണ്.
അടുത്തിടെ കോയിപ്രം പോലീസ് സ്റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബില്‍ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സല്‍ക്കാരത്തിന്റെ ലഹരിയിലായിരുന്നവര്‍ ഇതോടെ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥന്റെ ബന്ധുവിന്റെ തട്ടയിലുള്ള പമ്പില്‍ നിന്നാണ് പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ഇതിന് കമ്മിഷന് ഇനത്തില്‍ അജയകുമാര്‍ തന്റെ സ്വകാര്യ വാഹനത്തിന് ഇന്ധനം നിറയ്ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഡീസല്‍ അടിച്ച ബില്ലില്‍ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച് ഇന്‍ഡന്റ് സഹിതം ക്യാമ്പിലെ അസി. കമാന്‍ഡന്റിന് ജോണ്‍ഫിലിപ്പ് പരാതി നല്‍കിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇന്‍ഡന്റ് ജോണ്‍ ഫിലിപ്പ് മോഷ്ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നല്കി. രണ്ടു പേര്‍ക്കും പണി കിട്ടുമെന്നായപ്പോള്‍ പരാതി പിന്‍വലിച്ച് രമ്യതയിലെത്തി. ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേര്‍ന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്തത്. അടിയും അസഭ്യ വര്‍ഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി വേണ്ട..ഉത്തരവ് മുകളില്‍ നിന്ന്
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കേണ്ട എന്നൊരു അലിഖിത നിയമം അടുത്തിടെ ജില്ലയില്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. ജില്ലാ പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച് ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇങ്ങനെ ഒരു കീഴ്വഴക്കം കൊണ്ടു വന്നിരിക്കുന്നതത്രേ. മൈലപ്രയില്‍ അടിപിടി കൂടിയ ഉദ്യോഗസ്ഥന് മുന്‍പ് അടൂര്‍ സ്റ്റേഷന് പരിധിയില്‍ മദ്യലഹരിയില്‍ വാഹനം ഇടിപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരേ മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് ഈ ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്താതെയും കേസെടുക്കാതെയും വിട്ടയച്ചത് അടൂര്‍ പോലീസ് ഇന്‍സ്പെക്ടറാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം സത്യമാണെന്ന് അറിഞ്ഞിട്ടും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വാഹനം ഇടിപ്പിച്ച ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിച്ച അടൂര്‍ ഇന്‍സ്പെക്ടറും നടപടിയില്ലാതെ രക്ഷപ്പെട്ടു.
പോലീസ് പി.ആര്.ഓ പദവി ദുരുപയോഗം ചെയ്യുന്ന ജില്ലയിലെ പടിഞ്ഞാറന്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി തയാറായിരുന്നില്ല. അനുമതി വാങ്ങാതെ തിരുവല്ല പോലീസ് സബ്ഡിവിഷന്റെ പേരില്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഗാനമേള നടത്തുകയും അതില്‍ പാര്‍ട്ടി നേതാക്കളെ അണിനിരത്തുകയും ചെയ്തതിന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ചിട്ടും വകുപ്പു തല നടപടി ഉണ്ടായില്ല. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവും ഉള്‍പ്പെട്ടതിനാലായിരുന്നു ഇതിന്മേല് നടപടിയുണ്ടാകാതെ പോയത്. പമ്പ പോലീസ് സ്റ്റേഷനില്‍ കച്ചവടക്കാരില്‍ നിന്നും കരാറുകാരില്‍ നിന്നും പടി വാങ്ങിയതിന്റെ പേരില്‍ പോലീസുകാരനെതിരേ ഇന്റലിജന്‍സ് നല്കിയ റിപ്പോര്‍ട്ടും അട്ടിമറിച്ചു.
ഇതിന്റെ പിന്നില്‍ ഐ.പി.എസ് തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് പറയുന്നു. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കേണ്ട എന്നൊരു ഉത്തരവ് വാക്കാല്‍ നല്കിയിട്ടുണ്ടത്രേ. പോലീസുകാര്‍ തമ്മിലുള്ള പകപോക്കല്‍ ആണ് വാര്‍ത്തകള്‍ വരാന്‍ കാരണമെന്ന വിചിത്രമായ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇത് പോലീസുകാര്‍ക്ക് അനുഗ്രഹമാവുകയും വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയുമാണ്. നദികളിലെ മണല്‍ വാരല്‍ അടക്കം പോലീസിന് പടി നല്കി നിര്‍ബാധം നടക്കുന്നു. പമ്പ സ്റ്റേഷന് പരിധി മുതല്‍ ആറന്മുള, കോയിപ്രം സ്റ്റേഷനുകളുടെ അതിര് വരെ മണല്‍ വാരല്‍ നിര്‍ബാധം നടക്കുകയാണ്. ഇത് സംബന്ധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.