
അടൂര്‍: പള്ളിക്കല്‍ ഊന്നുകല്‍ കല്ലായില്‍ രതീഷിന്റെ വീട്ടില്‍ ആണ് തീ പിടുത്തം ഉണ്ടായത്. ബുധന്‍ രാവിലെ ഏഴ് മണിയോടെ വീട്ടുകാര്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ പോയ സമയത്ത് ആയിരുന്നു അപകടം. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് മുറിയില്‍ നിറയുകയും അടുക്കളയില്‍ കത്തിക്കൊണ്ടിരുന്ന വിറകടുപ്പില്‍ നിന്നും വാതകത്തിന് തീ പിടിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ വാസികള്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
അടച്ചിട്ട മുറിയില്‍ ചൂട് കൂടി ശക്തമായ മര്‍ദ്ദനത്തില്‍ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകള്‍ പുറത്തേക്ക് പൊട്ടിച്ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകള്‍ക്കിടയിലേക്ക് തെറിച്ചു. ചിതറിത്തെറിച്ച ഗ്ലാസ് കഷണം ശരീരത്തില്‍ തറച്ച് സമീപവാസിയായ പണയില്‍ വാഴപ്പള്ളില്‍ വടക്കേതില്‍ ഭാനുവിന് (63) പരുക്കേറ്റു. ഇയാളെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിന്റെ വാതിലുകള്‍ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. ആളുകള്‍ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തില്‍ നിന്നും വീട്ടുകാര്‍ മടങ്ങി എത്തി താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കയറി.
വീടിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് പാചക വാതക സിലിണ്ടറുകള്‍ പുറത്തേക്ക് മാറ്റി. തുടര്‍ന്ന് ഫയര്‍ ടെണ്ടറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീ നിശേഷം അണച്ചു. വീട്ടിനുള്ളില്‍ നിന്നും സാധനങ്ങള്‍ എല്ലാം പുറത്തേക്ക് മാറ്റി. അടുക്കളയില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജ് ഉള്‍പ്പെടെ വൈദ്യുതി ഉപകരണങ്ങളും, ഗ്യാസ് അടുപ്പുകള്‍, പാത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സൂരജ്, അനീഷ് കുമാര്‍, ശരത്, ഗിരീഷ് കൃഷ്ണന് , അജയകുമാര്‍ എന്നിവരും അഗ്നി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.