
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ ജണ്ടായിക്കലില്‍ ശ്മശാനം പണികള്‍ പൂര്‍ത്തിയാട്ടും ഉദ്ഘാടനത്തിന് മുന്‍പ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കാന്‍ തയാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. റാന്നി പഞ്ചായത്തിലെ പുതുശേരിമല തേവരുപാറ വീട്ടില്‍ ദാമോദരന്റെ (68) സംസ്‌കാരത്തിനായി വാര്‍ഡ് അംഗം എം.എസ്.വിനോദ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിയാതെ ക്രിമിറ്റോറിയം നല്‍കാന്‍ ആവില്ല എന്ന് പറഞ്ഞതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും അതിന് ഈ മൃതദേഹം ഉപയോഗിക്കാമെന്നും മറ്റൊരു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.
പരേതന് സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സേവാഭാരതി പ്രവത്തകരുടെ സഹായത്തോടെ മൃതദേഹം സംസ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് നവമാധ്യമങ്ങള്‍ വഴി ചര്‍ച്ചയായതോടെ ഈ സംഭവത്തില്‍ നിരവധിയാളുകള്‍ പഞ്ചായത്ത് ഭരണസമിയുടെ തീരുമാനത്തിനെതിരെ വിമര്‍ശിച്ച് രംഗത്തു വന്നു. പഴവങ്ങാടി, അങ്ങാടി, ചെറുകോല്‍, റാന്നി എന്നീ പഞ്ചായത്തുകളുടെ സഹായത്തോടെ ഒരു പഞ്ചായത്ത് വീതം മുടക്കിയാണ് പണി പൂര്‍ത്തീകരിച്ചത്.