
റാന്നി-പെരുനാട്: വസ്തുവിന്റെ അതിര് തെളിച്ചതിനെപ്പറ്റി ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ ആശയെ മര്‍ദ്ദിച്ച ളാഹ വെട്ടിച്ചുവട്ടില്‍ ബാലന്റെ മകന് ശരത് ലാലി(32)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയാണ് ശരത് ലാല്‍.
രാജു വനഭൂമിയോട് ചേര്‍ന്ന അതിര് വൃത്തിയാക്കുന്നതിനിടെ അയല്‍വാസിയായ അജയന് തര്‍ക്കമുണ്ടാക്കി. ബുധനാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അജയന് വീടിനു മുന്നില്‍ നിന്ന് അസഭ്യം വിളിക്കുകയും തുടര്‍ന്ന് ശരത്തിനെ ഫോണ്‍ ചെയ്ത് വരുത്തുകയും ചെയ്തു. ശരത് യുവതിയെ പിടലിക്ക് പിടിച്ചു തള്ളി താഴെയിട്ട ശേഷം ഷൂ ഇട്ട കാലുകൊണ്ട് വലതുകാലില്‍ ചവുട്ടി പരിക്കേല്‍പ്പിച്ചു. പിടിവലിക്കിടയില്‍ ആശയുടെ നൈറ്റി കീറുകയും ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി പെരുനാട് പോലീസ് കേസെടുത്തു.
പ്രതികള്‍ക്കായുള്ള അന്വേഷണത്തില്‍ ളാഹയില്‍ വച്ച് രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒന്നാം പ്രതി അജയന് ഒളിവിലാണ്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ് ഐമാരായ രവീന്ദ്രന് നായര്‍, റെജി തോമസ്, സി പി ഓമാരായ അശ്വതി, പ്രദീപ് എന്നിവരാണ് പങ്കെടുക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.