
അടൂര്‍: മണക്കാല ജനശക്തി നഗറില്‍ കെഐപി കനാലില്‍ വീണു കാണാതായ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഫയര്‍ ഫോഴ്‌സ് കണ്ടെടുത്തത്. അനില്‍ വീണ ഭാഗത്ത് തന്നെയാണ് മൃതദേഹം കിടന്നിരുന്നത്. മണക്കാല പോളിടെക്‌നിക് കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനാണ്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അനില്‍ തെറിച്ച് കനാലില്‍ വീണുവെന്നാണ് സംശയം. കനാലില്‍ അതിശക്തമായ ഒഴുക്കായിരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമിന് ഏറെ വെല്ലുവിളി നേരിട്ടു. ഇതിനൊപ്പം തടിക്കഷണങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും അടിഞ്ഞു കൂടിക്കിടക്കുകയായിരുന്നു. ഇതിന് അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരു മാലിന്യ മല തന്നെ കരയിലേക്ക് നീക്കിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികള്‍ പറയുന്നു. തെന്മല ഡാമില്‍ നിന്നുളള ജലവിതരണത്തിന്റെ ശക്തി കുറച്ച ശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മരക്കഷണങ്ങള്‍, വൃക്ഷ അവശിഷ്ടങ്ങള്‍, മാലിന്യകൂമ്പാരം എന്നിവ നീക്കുന്ന ജോലിയാണ് ആദ്യം ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം ചെയ്തത്.