ന്യൂഡല്‍ഹി: രണ്ടാഴ്ചയോളമായി തുടരുന്ന ബ്രഹ്മപുരം തീപിടിത്തവും വിഷപ്പുകയും പാര്‍ലമെന്റിലും ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഹൈബി ഈഡനും ബെന്നി ബഹനാനും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. രാജ്യസഭയില്‍ കെ.സി വേണുഗോപാലാണ് നോട്ടീസ് നല്‍കിയത്.
ശുദ്ധവായു പൗരന്റെ അവകാശമാണ് എന്ന കോടതിയുടെ പരാമര്‍ശത്തെ ആവര്‍ത്തിച്ച ഹൈബി ഈഡന്, ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പഠിക്കാന്‍ എയിംസില്‍ നിന്നും വിദഗ്ധസമിതിയെ അയക്കണം എന്ന് ആവശ്യപ്പെട്ടു. തീപിടിത്തത്തിന് പിന്നില്‍ കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്തി ഉടന്‍ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നൂതനമായ മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ അദ്ദേഹം ലോക്സഭയോട് അഭ്യര്‍ത്ഥിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നടന്ന തീപിടുത്തം ഒരു ജനതയെ ആഴ്ചകളായി ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് ബെന്നി ബഹനാന് എം.പി പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പരിസരവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കൂടുതല്‍ ഫോഴ്സും സഹായങ്ങളും ബ്രഹ്മപുരത്തിലേക്ക് ആവശ്യമാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ബെന്നി ബഹനാന് ലോക്സഭയില്‍ ആവശ്യപ്പെട്ടു.