ഇന്ത്യന്‍ കറന്‍സികളില്‍ പേനയോ പെന്‍സിലോ കൊണ്ട് എഴുതിയാല്‍ അസാധുവാകുമെന്ന് ഒരു കരക്കമ്പി പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ലെന്നാണ് ആധികാരികമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്.
നോട്ടുകള്‍ അസാധു ആകുമോ? ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം പേനകൊണ്ടേ് എഴുതിയ നോട്ടുകള്‍ അസാധു ആകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. യുഎസ് ഡോളറും ഇത്തരത്തില്‍ വിനിമയത്തിന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സന്ദേശത്തിന്റെ അവസാന ഭാഗത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സന്ദേശം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗം. പേന കൊണ്ട് എഴുതിയ കറന്‍സി നോട്ടുകള്‍ അസാധുവാകില്ലെന്ന് പിബിഐ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്ഡിലുടെ അറിയിച്ചു.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് ക്ലീന്‍ നോട്ട് പോളിസിയുമായി ബന്ധപ്പെട്ട് വ്യക്തമായ നയമുണ്ട്. കറന്‍സികള്‍ ഒരു തരത്തിലും വികൃതമാക്കുകയോ കീറുകയോ ചെയ്യരുതെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അഥവാ പേന കൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്ത കറന്‍സി നോട്ടുകള്‍ കൈയ്യിലെത്തിയാല്‍ അവ ഏതെങ്കിലും ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ച് മാറ്റി വാങ്ങാനാണ് ആര്‍ബിഐ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്.