നാലു ദോശ, ചമ്മന്തി, സാമ്പാര്‍ വെറും 500 രൂപ മാത്രം: തട്ടുകടയുടെ മറവില്‍ ചൂടപ്പം പോലെ കഞ്ചാവ് വില്‍പ്പന: ഗുണ്ടാത്തലവനെയും കൂട്ടാളിയെയും പൊക്കി നൂറനാട് പൊലീസ്‌

0 second read
Comments Off on നാലു ദോശ, ചമ്മന്തി, സാമ്പാര്‍ വെറും 500 രൂപ മാത്രം: തട്ടുകടയുടെ മറവില്‍ ചൂടപ്പം പോലെ കഞ്ചാവ് വില്‍പ്പന: ഗുണ്ടാത്തലവനെയും കൂട്ടാളിയെയും പൊക്കി നൂറനാട് പൊലീസ്‌
0

നൂറനാട്: ചാരുംമൂട് എസ്‌ക്വയര്‍ ബാറിന് മുന്‍വശത്ത് കനാലിന്റെ പുറമ്പോക്കില്‍ അനധികൃതമായി ഒരു തട്ടുകട ഉണ്ടായിരുന്നു. കട നടത്തുന്നത് ഗുണ്ടാത്തലവന്‍ നുറനാട് പുതുപ്പള്ളി കുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍(50). വില്‍പ്പന ഏറെയും പാഴ്‌സലാണ്. നാല് ദോശ, ചമ്മന്തി, സാമ്പാര്‍ എന്നിവയടങ്ങുന്ന പാഴ്‌സലിന് 500 രൂപയാണ്. ഇതെന്താ ഫൈവ് സ്റ്റാര്‍ തട്ടുകടയോ എന്ന് ആരും സംശയിച്ചു പോകും. പക്ഷേ, ഇവിടുത്തെ 500 രൂപ പാഴ്‌സലിന് ആവശ്യക്കാര്‍ ഏറെയാണ്. സംശയം തോന്നിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 500 രൂപ പാഴ്‌സല്‍ കഞ്ചാവ് കച്ചവടത്തിനുള്ള ടോക്കണാണ്. ഇതുമായി വിതരണ കേന്ദ്രത്തില്‍ ചെന്ന് കഞ്ചാവും കൈപ്പറ്റി പോകാം. ആരും പിടിക്കില്ല. വിതരണത്തിന് നിയോഗിച്ചിരിക്കുന്നത് തട്ടുകടയിലെ ജോലിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയാണ്.

ഇനിയാണ് രസം. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനായ ഷൈജുഖാനെയും കൂട്ടാളി ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയില്‍ സിജിഭവനം ഗോപകുമാറി(40)നെയും രണ്ടു കിലോ കഞ്ചാവുമായി നൂറനാട് പൊലീസ് പൊക്കുന്നു. പൊലീസിനെ കണ്ട് കഞ്ചാവുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാടകീയമായി കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ രണ്ടു പേരും സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍ക്കാനായി കൊണ്ടു പോകുന്നതിനിടെയാണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ആ നിമിഷം മുതല്‍ രാത്രി എട്ടു മണി വരെ ഫോണിലേക്ക് വന്നത് 270 കാള്‍. എല്ലാവര്‍ക്കും വേണ്ടത് 500 രൂപ പാഴ്‌സല്‍! ആവശ്യക്കാരില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ടെന്നത് പൊലീസിനെ ഞെട്ടിച്ചു.

കോളുകള്‍ പൊലീസ് എടുത്തു പരിശോധിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും ‘ഇക്കാ 500 ന്റെ ഒരു പായ്ക്ക് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. എല്ലാ കോളുകളും കഞ്ചാവ് അനേ്വഷിച്ച് ഉള്ളതായിരുന്നു. ഈ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഒന്നര ലക്ഷത്തോളം രൂപയുടെ കഞ്ചാവ് കച്ചവടം നടത്താനുള്ള കോളുകളാണ് ഷൈജുഖാന്റെ മൊബൈല്‍ ഫോണിലേക്ക് വന്നതെന്ന് നൂറനാട് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത് പറഞ്ഞു.

ഫൈവ്‌സ്റ്റാര്‍ തട്ടുകട, ഉത്സവപ്പറമ്പിലെ ഐസ്‌ക്രീം കച്ചവടം:  കഞ്ചാവ് വിതരണത്തിനുള്ള ഹബുകള്‍

കുറച്ചുനാള്‍ മുമ്പ് വരെ ചാരുംമൂട് എസ്‌ക്വയര്‍ ബാറിന് മുന്‍വശത്ത് കനാലിന്റെ പുറമ്പോക്കില്‍ അനധികൃതമായി നടത്തിയ തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഷൈജുഖാന്റെ രീതി. കഞ്ചാവ് ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് 500 രൂപയുടെ പാഴ്‌സല്‍ ഷൈജുഖാന്‍ തട്ടുകട വഴി കൊടുത്തു കൊണ്ടിരുന്നത്. കടയില്‍ നിന്നും വാങ്ങുന്ന പാഴ്‌സലില്‍ ദോശയും ചമ്മന്തിയും സാമ്പാറും മാത്രമേ ഉണ്ടാവുകയുള്ളൂ. അതിലേക്കുള്ള ബാക്കി തുകയുടെ കഞ്ചാവ് മറ്റൊരു സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളികളെ വച്ചായിരുന്നു ഷൈജുഖാന്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. അതിനായി നിരവധി അന്യസംസ്ഥാന തൊഴിലാളികളെ ഈ തട്ടുകടയില്‍ ജോലിക്കായി നിര്‍ത്തിയിരുന്നു.

എക്‌സൈസും പൊലീസും ആ സമയങ്ങളില്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഷൈജു ഖാനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ആ സമയത്താണ് മാവേലിക്കര എക്‌സൈസ് ഷൈജുഖാന്റെ കൈയില്‍ നിന്നും കഞ്ചാവ് വാങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഷൈജു ഖാനെ പ്രതി ചേര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷൈജുഖാന്‍ കോടതിയില്‍ കീഴടങ്ങി. ഇതിനിടയ്ക്ക് നൂറനാട് പഞ്ചായത്ത് അനധികൃതര്‍ പുറമ്പോക്കില്‍ അനധികൃതമായി തട്ടുകട നടത്തുന്നതിന് നോട്ടീസ് നല്‍കി. മറുപടി കിട്ടാതെ വന്നപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ പോലീസിന്റെയും എക്‌സൈസിന്റെയും സഹായത്തോടുകൂടി ഷൈജുഖാന്റെ തട്ടുകട പൊളിച്ചു മാറ്റി. തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതിനെ തുടര്‍ന്ന് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഷൈജുഖാന്‍.

അങ്ങനെയാണ് ശൂരനാട് ഉള്ള ഗോപകുമാറിനെ പരിചയപ്പെടുന്നത്. ഉത്സവ സീസണുകളില്‍ ക്ഷേത്ര പരിസരങ്ങളില്‍ ഐസ്‌ക്രീം കച്ചവടം നടത്തുക എന്നതായിരുന്നു ഗോപകുമാറിന്റെ ജോലി. തുടര്‍ന്ന് ഷൈജു ഖാനും ഗോപകുമാറും ഒന്നിച്ചുചേര്‍ന്ന് ഉത്സവപ്പറമ്പുകളിലെ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ കുറച്ചു നാളുകളായി ഉത്സവപ്പറമ്പുകളില്‍ ഐസ്‌ക്രീമിന്റെ മറവില്‍ ഷൈജുഖാനും ഗോപകുമാറും കഞ്ചാവ് വില്‍പന തകൃതിയായി നടത്തിവരികയായിരുന്നു. യാതൊരു സംശയവും ഇല്ലാതെ കഞ്ചാവ് കൊണ്ടു നടന്നു കച്ചവടം നടത്താന്‍ ഇതിലൂടെ സാധിച്ചു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളില്‍ കഞ്ചാവ് വില്‍പന നടത്താന്‍ പോകുന്നതിനിടെയാണ് നൂറനാട് പോലീസ് പിടിയിലായത്.

കഞ്ചാവ് വില്‍പന നടത്തുന്നത് കൂടാതെ ഷൈജുഖാന്‍ ഗുണ്ടാ ആക്രമണങ്ങളും നടത്തുന്നുണ്ട്. 2020 ല്‍ ശൂരനാട് ഉള്ള യുവാവിനെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു പണം തട്ടിയെടുത്ത കേസില്‍ ഷൈജുഖാന്‍ പ്രതിയാണ്. കഞ്ചാവിനും ലഹരിമരുന്നും അടിമകളായ നിരവധി യുവാക്കളെ ഇയാള്‍ ഗുണ്ടാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. നിരവധി അടിപിടി കേസുകളില്‍ പ്രതിയായ ഷൈജുഖാന്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടതോടു കൂടി ഗുണ്ടാ നിരോധന നിയമം( കാപ്പാ) പ്രകാരം നടപടി സ്വീകരിക്കുവാന്‍ നൂറനാട് പോലീസ് റിപ്പോര്‍ട്ട് കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഡിഐജി ഡോ. ആര്‍. ശ്രീനിവാസ് കാപ്പ നടപടി ശരി വച്ചു. അങ്ങനെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ആഴ്ച തോറും ഒപ്പിട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു കിലോ കഞ്ചാവുമായി ഷൈജുഖാന്‍ പിടിയിലാവുന്നത്. ഷൈജുഖാന്റെ ഫോണിലേക്ക് 500 രൂപ പായ്ക്ക് ആവശ്യപ്പെട്ട് വിളിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളും സ്‌കൂള്‍ കുട്ടികളും അടക്കം ഷൈജുഖാന്റെ മൊബൈലിലേക്ക് കഞ്ചാവ് അനേ്വഷിച്ച് വിളിച്ചത് വളരെയധികം ഞെട്ടിപ്പിക്കുന്ന സംഗതിയാണെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രതി കഞ്ചാവ് വില്‍പന നടത്തി വരികയാണ്.

ചാരുംമൂട് പ്രദേശത്തുള്ള സ്‌കൂള്‍ കുട്ടികള്‍ കഞ്ചാവിനും ലഹരിമരുന്നും അടിമയായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അനേ്വഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത് പറഞ്ഞു. എസ്.ഐമാരായ നിതീഷ്, ബാബുക്കുട്ടന്‍, രാജീവ്, പുഷ്പന്‍, സി.പി.ഓമാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …