പത്തനംതിട്ട: വൈക്കം സത്യഗ്രഹത്തിന്റെ പേരില്‍ ഡിസിസിയില്‍ തമ്മിലടി. കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ പ്രസിഡന്റിന് കത്തയച്ച് ഡിസിസി ജനറല്‍ സെക്രട്ടറി. ഡിസിസി ജനറല്‍ സെക്രട്ടറിയെ തളളി പ്രസിഡന്റ്. പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ സമീപകാലത്തുണ്ടായ തമ്മിലടിക്ക് കെപിസിസി പ്രസിഡന്റ് ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ സംഭവ വികാസങ്ങള്‍. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍. സോജിയാണ്.തെറ്റായ പ്രചാരണം നടത്തുന്ന സോജിക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
വൈക്കം സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിളളയുടെ ഛായാചിത്ര
ഘോഷയാത്രയുടെ കണ്‍വീനര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്ന് പഴകുളം മധുവിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് സോജി കെ.പി.സി.സി. പ്രസിഡന്റിന് കത്ത് നല്‍കിയിര്ിക്കുന്നത്.
കഴിഞ്ഞ 12 ന് ഛായാചിത്ര ഘോഷയാത്രയുടെ സ്വാഗതസംഘ രൂപീകരണയോഗം ഡി.സി.സി. ഓഫീസില്‍ നടന്നപ്പോള്‍ ചരിത്ര വസ്തുതകള്‍ തമസ്‌കരിച്ച് പഴകുളം മധു പ്രസംഗിച്ചുവെന്ന് സോജി ആരോപിക്കുന്നു. മന്നത്തു പദ്മനാഭന്റെയും ചിറ്റേടത്തു ശങ്കുപ്പിളളയുടെയും നേതൃത്വത്തിലാണ് വൈക്കം സത്യഗ്രഹം നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. യോഗത്തില്‍ ഉണ്ടായിരുന്ന മണ്ണടി മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനന്‍ പഴകുളം മധുവിനെ തിരുത്തുവാന്‍ ശ്രമിച്ചെങ്കിലും മാലേത്ത് സരളാദേവിയുടെ പിന്തുണയോടെ അദ്ദേഹം അതിന് തയാറായില്ല. ശ്രീനാരായണ ഗുരുദേവനോ എസ്.എന്‍.ഡി.പി യോഗത്തിനോ വൈക്കം സത്യഗ്രഹത്തില്‍ യാതൊരു പങ്കുമില്ലെന്നും ഗുരുദേവന്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു പഴകുളം മധുവിന്റെ അഭിപ്രായം. സരളാദേവിയും ഇതിനോട് യോജിച്ചു. ചരിത്ര വസ്തുതകള്‍ സംബന്ധിച്ച് പ്രാവീണ്യമുളള മണ്ണടി മോഹനന്‍ രേഖകളും തെളിവുകളും നിരത്തി മധുവിന്റെ ചരിത്രപരമായ തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാദഗതിയില്‍ ഉറച്ചു നിന്നു.
സവര്‍ണര്‍ കേരളത്തിലെ അവര്‍ണര്‍ക്കു വേണ്ടി നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം എന്ന പഴകുളം മധുവിന്റെ അഭിപ്രായം അബദ്ധജഡിലവും ചരിത്രനിഷേധവുമാണെന്ന് സോജി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ മലയാളവര്‍ഷം 1100 കന്നി 12ന് വൈക്കം സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തു. 1000 രൂപ സംഭാവനയും നല്‍കി. ശ്രീനാരായണ ഗുരുദേവന്റെ ഉടമസ്ഥതയിലുളള വെല്ലൂര്‍ മഠമാണ് സത്യഗ്രഹത്തിന് വിട്ടുനല്‍കിയത്. ശിവഗിരിയില്‍ വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ഭണ്ഡാരം സ്ഥാപിക്കുകയും സന്യാസിമാര്‍ ഭവനങ്ങളില്‍ പോയി സത്യാഗ്രഹ ഫണ്ടിലേക്ക് പണം പിരിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹ നായകനായ റ്റി.കെ.മാധവന്റെ പേരു പോലും മധു യോഗത്തില്‍ പരാമര്‍ശിച്ചില്ല. വൈക്കം സത്യഗ്രഹം സംബന്ധിച്ച പന്ത്രണ്ടോളം പുസ്തകങ്ങളുമായിട്ടാണ് സോജി വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ വൈക്കം സത്യഗ്രഹവും ഗുരുദേവ ഗാന്ധിജി സമാഗമവും എന്ന ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ നിരത്തി. വൈക്കത്ത് കൂടി റിക്ഷാവണ്ടിയില്‍ സഞ്ചരിച്ച ഗുരുദേവനെ ഇറക്കിവിട്ടതും തുടര്‍ന്ന് സരസകവി മൂലൂര്‍ ഇതു സംബന്ധിച്ച് രചിച്ച കവിതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.കുമാരന്‍ ജനറല്‍ സെക്രട്ടറി ആയതു മുതല്‍ എസ്.എന്‍. ഡി.പി.യോഗം സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നു. ശ്രീമൂലം പ്രജാ സഭയില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുവാന്‍ ടി.കെ.മാധവന് അവസരം നല്‍കിയില്ല. ദിവാനെ നേരിട്ടു കാണുവാന്‍ ശ്രമിച്ചുവെങ്കിലും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് തിരുനെല്‍വേലിയില്‍ വച്ച് ടി.കെ.മാധവന്‍ ഗാന്ധിജിയെ കണ്ടത്. മൗലാനാ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ കാക്കിനടയില്‍ ചേരുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിഷയം അവതരിപ്പി ക്കുവാന്‍ ഗാന്ധിജി മാധവനെ ഉപദേശിച്ചു. സര്‍ദാര്‍ കെ.എം.പണിക്കരുടെയും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെയും സഹായത്തോടെയാണ് ടി.കെ.മാധവന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഘോഷയാത്ര നയിക്കുന്ന കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യമായി എങ്കിലും പഠിക്കേണ്ടിയിരുന്നുവെന്ന് സോജി പറഞ്ഞു. 25 വര്‍ഷത്തിലധികം എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്ന ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ മധുവിന്റെ തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കാതിരുന്നത് ഞെട്ടല്‍ ഉളവാക്കിയെന്ന് ചൂണ്ടിക്കാട്ടി.
കേരള നവോത്ഥാനത്തില്‍ ശ്രീനാരായണ ഗുരുദേവനും എസ്.എന്‍.ഡി.പി യോഗത്തിനും ഉളള പങ്ക് വിസ്മരിക്കുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു കണ്‍വീനറായുളള ജാഥ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വൈക്കം സത്യഗ്രഹം സംബന്ധിച്ച് വായിക്കേണ്ട പുസ്തകങ്ങളും അദ്ദേഹം നിര്‍ദേശിച്ചു. നവോത്ഥാനത്തിന്റെ കോണ്‍ഗ്രസ് പൈതൃകം എന്ന തന്റെ ഗ്രന്ഥത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജിനെ സസ്‌പെന്റ് ചെയ്ത നടപടിയ്ക്ക് ആധാരമായി സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് മധുവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സോജി ആരോപിച്ചു. ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ലെന്നും കെ.പി.സി.സി. പ്രഖ്യാപിച്ച അന്വേഷണകമ്മിഷന്‍ തെളിവെടുപ്പ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തെ ദളവാക്കുളം വീണ്ടെടുത്ത് സ്മാരകം നിര്‍മ്മിക്കണ മെന്നും വൈക്കത്ത് കെ.പി.സി.സി. റ്റി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഡി.സി.സിക്കെതിരേ വ്യാജ പ്രചാരണമെന്നും കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രസിഡന്റ്
കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രാധാന്യം കുറച്ചു കാണിച്ചതായുള്ള ഉള്ള ഒആക്ഷേപം പച്ചക്കള്ളവും തെറ്റിദ്ധാരണ പരത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ആളാണ് ആരോപണം ഉന്നയിക്കുന്നത്. ഇദ്ദേഹം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങളിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി മനഃപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജീവ ചരിത്രം വിവരിക്കുക മാത്രമാണ് ഉണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ഒരു അംഗം വൈക്കം സത്യാഗ്രഹ സമരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പങ്ക് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അത് അംഗീകരിക്കുകയുമാണ് ഉണ്ടായത്.
മറിച്ചുള്ള പ്രചാരണം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ആള്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതിനും തെറ്റിദ്ധാരണ പരത്തുന്നതിനുമായി കെട്ടിച്ചതാണ്. ആ യോഗത്തില്‍ അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ജന മധ്യത്തില്‍ തുടര്‍ച്ചയായി അവഹേളിക്കുന്നത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അച്ചടക്ക വിരുദ്ധ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.