കടമ്പനാട്ട് വ്യാജനമ്പര്‍ പ്ലേറ്റുമായി ബൈക്കുകള്‍ പിടികൂടിയ സംഭവം: ഒരു പ്രതി അറസ്റ്റില്‍

2 second read
Comments Off on കടമ്പനാട്ട് വ്യാജനമ്പര്‍ പ്ലേറ്റുമായി ബൈക്കുകള്‍ പിടികൂടിയ സംഭവം: ഒരു പ്രതി അറസ്റ്റില്‍
0

അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ വീടിന്റെ പോര്‍ച്ചില്‍ നിന്ന് കണ്ടെടുത്ത കേസില്‍ അവ ഉപയോഗിച്ചു കൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് വേമ്പനാട്ട് ജങ്ഷന് സമീപം കലതിവീട്ടില്‍ അഖിലിനെ(30)യാണ് ഏനാത്ത് പോലീസ് ഞായറാഴ്ച് ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്. ബുള്ളറ്റ്, ബജാജ് സിടി 100 എന്നീ വാഹനങ്ങളാണ് അഖിലിന്റെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്ന് 10 ദിവസത്തെ ഇടവേളയില്‍ മോട്ടോര്‍ വാഹനവകുപ്പിലെ എ.എം.വി.ഐമാരായ എം.ആര്‍. മനോജ്, പി.കെ. അജയന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറിയത്.

അഖിലിന് ഒരു കൈ മാത്രമാണുള്ളത്. 16 വയസുള്ളപ്പോള്‍ പടക്കം പൊട്ടി നഷ്ടമായതാണ് ഇയാളുടെ വലതു കൈയെന്ന് പോലീസ് പറഞ്ഞു. വ്യാജനമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് മോഷ്ടിച്ചതും കണ്ടം ചെയ്യാന്‍ നല്‍കിയതുമായിട്ടുള്ള വാഹനങ്ങള്‍ ഓടിച്ചു വരുന്ന മാഫിയാ സംഘം ജില്ലയിലുണ്ടെന്ന സൂചനയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ലഹരി കടത്തിനും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. അടൂര്‍ മേഖലയില്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ റോഡിലുണ്ട്. നിയമലംഘനം കണ്ടാലും കണ്ണടയ്ക്കുന്ന പ്രവണത പോലീസിന്റെ ഭാഗത്തു നിന്നുമുണ്ട്. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ രീതിയില്‍ ഓടിയ സ്‌കൂട്ടര്‍ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഭരണ കക്ഷി രാഷ്ട്രീയ നേതാവിന്റേത് ആയതിനാല്‍ നടപടിയെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

അഖിലിന്റെ മൊഴിയില്‍ വാഹനങ്ങള്‍ നല്‍കിയ ആളെക്കുറിച്ച് പരാമര്‍ശം ഉണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. വ്യാജനമ്പര്‍ പ്ലേറ്റുള്ള വാഹനം മോഷ്ടിച്ചതാണോ എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ഇതിന്റെ യഥാര്‍ഥ ഉടമയെയും തിരിച്ചറിയണം. വാഹനങ്ങള്‍ ഈ രീതിയിലാക്കിയത് അഖില്‍ ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലുമാണോ എന്നതും കണ്ടെത്താനുണ്ട്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് നടത്തുന്നത് എന്നും അറിയേണ്ടതുണ്ട്. അഖില്‍ വലിയ ഒരു റാക്കറ്റിന്റെ ഭാഗമാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വൈകിട്ട് വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

വ്യാജ നമ്പര്‍ പ്ലേറ്റുളള പച്ച ബുള്ളറ്റ് പിടികൂടി 11 ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. തനിക്ക് വാഹനങ്ങള്‍ കൈമാറിയവരെ കുറിച്ച് അഖില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിശോധിക്കേണ്ടതുണ്ടെന്നും എനാത്ത് എസ്.എച്ച്.ഓ കെ.ആര്‍. മനോജ്കുമാര്‍ പറഞ്ഞു. ബുള്ളറ്റ് ബൈക്കും, ബജാജ് സി.ടി-100 ബൈക്കുമാണ് വ്യാജ നമ്പര്‍ പ്ലേറ്റുമായി പിടികൂടിയത്. ഇതിന് പുറമേ മറ്റൊരു ബുള്ളറ്റ് എന്‍ജിന്‍ ഭാഗങ്ങളില്ലാതെ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മാര്‍ച്ച് നാലിന്് കടമ്പനാട് നടന്ന വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പച്ചബുള്ളറ്റില്‍ ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നത് അടൂര്‍ ജോയിന്റ് ആര്‍.ടിഓഫീസിലെ എ.എം.വി.ഐ മാരായ എം.ആര്‍ മനോജ്, പി.കെ. അജയന്‍ എന്നിവര്‍ ശ്രദ്ധിച്ചു. വാഹനം കൈകാട്ടി നിര്‍ത്താനുള്ള സാവകാശം ഇവര്‍ക്ക് ലഭിച്ചില്ല. പക്ഷേ, നമ്പര്‍ മനസിലാക്കിയിരുന്നു. കെ.എല്‍.03 സി. 7433 എന്ന നമ്പരിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക് ഇതിന്‍ പ്രകാരം ഓണ്‍ലൈന്‍ ചെല്ലാന്‍ തയാറാക്കി പിഴ അടയ്ക്കാന്‍ അയച്ചു. മാര്‍ച്ച് ആറിന് മാവേലിക്കര സ്വദേശി ജയപ്രകാശ് ഇതേ നമ്പരിലുള്ള ചുവന്ന ബുള്ളറ്റുമായി അടൂര്‍ ആര്‍.ടി ഓഫീസില്‍ ഹാജരായി. മാര്‍ച്ച് നാലിന് താന്‍ കടമ്പനാട് വഴി പോയിട്ടില്ലെന്നും തന്റെ രേഖകള്‍ എല്ലാം കൃത്യമാണെന്നും അദ്ദേഹം അറിയിച്ചു. മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അവിടെ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ജയപ്രകാശ് അടൂരിലെത്തി തന്റെ നിരപരാധിത്വം പറഞ്ഞത്. പരിശോധനയില്‍ ജയപ്രകാശ് പറയുന്നതാണ് ശരിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി.
ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ചോദിച്ചറിഞ്ഞും കഴിഞ്ഞ എട്ടിന് ഇവര്‍ അഖിലിന്റെ വീടിന്റെ പോര്‍ച്ചില്‍ വാഹനം കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെങ്കിലും എന്‍ജിന്‍ നമ്പറും ചേസിസ് നമ്പരും ഒറിജിനല്‍ ആയിരുന്നു. വാഹനം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചെങ്കിലും അഖില്‍ ഉരുണ്ടു കളിക്കുകയും പരസ്പര വിരുദ്ധമായി മറുപടി നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്ത് അടൂര്‍ പോലീസിന് കൈമാറി.
അങ്ങനെയിരിക്കവേ ശനിയാഴ്ച രാവിലെ ഇതേ എ.എം.വി.ഐമാര്‍ വാഹന പരിശോധനയ്ക്കിടെ അഖിലിന്റെ വീടിന് മുന്നിലൂടെ കടന്നു പോയി. വീടിന്റെ പോര്‍ച്ചില്‍ ഒരു ബജാജ് സിടി 100 ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ഇവര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ തെരഞ്ഞപ്പോള്‍ വാഹനത്തിന്റെ രേഖകള്‍ കാലഹരണപ്പെട്ടതാണെന്ന് മനസിലായി. തുടര്‍ന്ന് വീട്ടിലെത്തി വാഹനം വിശദമായി പരിശോധിച്ചപ്പോള്‍ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും വേറെയാണെന്ന് മനസിലായി. അതനുസരിച്ചുളള രജിസ്റ്റര്‍ നമ്പരായിരുന്നില്ല വാഹനത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അഖില്‍ ഉരുണ്ടു കളി തുടര്‍ന്നു. വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ തന്നെ ഇരുവാഹനങ്ങളും ജോയിന്റ് ആര്‍.ടിഓയുടെ റിപ്പോര്‍ട്ട് സഹിതം ഏനാത്ത് പോലീസിന് കൈമാറി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം വീട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …