
റാന്നി-പെരുനാട്: പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഒരു റബര്‍ കടയില്‍ നിന്ന് 600 കിലോ റബര്‍ ഷീറ്റും മോഷ്ടിച്ച് കടന്നതാണ് നാരങ്ങാനം ആലുങ്കല്‍ പള്ളിമുരുപ്പേല്‍ വീട്ടില്‍ തങ്കച്ചന്. 1999 ല്‍ ആയിരുന്നു സംഭവം. 127/1999 നമ്പര്‍ കേസിലെ പ്രതി തങ്കച്ചനാണെന്ന് തിരിച്ചറിഞ്ഞു. 2010 ല്‍ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തങ്കച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോങ് പെന്‍ഡിങ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനിടെ ആറന്മുള, വെച്ചൂച്ചിറ, റാന്നി എന്തിന് പെരുനാട് സ്റ്റേഷനില്‍പ്പോലും വേറെ കേസുകളില്‍ തങ്കച്ചന് പ്രതിയായി. എന്നിട്ടും റബര്‍ ഷീറ്റ് മോഷണക്കേസില്‍ തങ്കച്ചനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുക്കം ലോങ് പെന്‍ഡിങ് കേസുകള്‍ പൊടിതട്ടിയെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ തങ്കച്ചന് വലയിലായി. 24 വര്‍ഷത്തിന് ശേഷം!
പല സ്ഥലത്തായി മാറി മാറി താമസിച്ച് മോഷണം നടത്തി വരികയായിരുന്നു തങ്കച്ചന്. പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നല്ല. ലോങ് പെന്‍ഡിങ് കേസുകള്‍ കണ്ടുപിടിക്കാനുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അടൂരില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ആനന്ദപ്പളളി മാമൂടുള്ള വീട്ടിലായിരുന്നു തങ്കച്ചന്റെ താമസം. ഇവിടെ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെരുനാട് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഓമാരായ പ്രദീപ്കുമാര്‍, ടി.ജി. അരുണ്‍ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.