മൂന്നു മാസം മുന്‍പ് തട്ടുകട അടിച്ചു തകര്‍ത്ത് തീയിട്ടപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യം: ഇതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പെട്രോള്‍ പമ്പ് മാനേജരുടെ തലയടിച്ചു കീറിയപ്പോള്‍ അകത്തായി: പൂങ്കാവിലെ കുട്ടി ഗുണ്ടകളെ വളര്‍ത്തിയതില്‍ പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും പങ്ക്

0 second read
Comments Off on മൂന്നു മാസം മുന്‍പ് തട്ടുകട അടിച്ചു തകര്‍ത്ത് തീയിട്ടപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യം: ഇതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പെട്രോള്‍ പമ്പ് മാനേജരുടെ തലയടിച്ചു കീറിയപ്പോള്‍ അകത്തായി: പൂങ്കാവിലെ കുട്ടി ഗുണ്ടകളെ വളര്‍ത്തിയതില്‍ പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും പങ്ക്
0

പത്തനംതിട്ട: മൂന്നു മാസം മുന്‍പ് പൂങ്കാവില്‍ തട്ടുകട അടിച്ചു തകര്‍ത്ത് തീയിടുകയും ഉടമകളെ മര്‍ദിക്കുകയും ചെയ്ത കേസില്‍ സ്‌റ്റേഷന്‍ ജാമ്യം കിട്ടിയ ഗുണ്ടാ സംഘം പെട്രോള്‍ പമ്പ് ആക്രമണക്കേസില്‍ അകത്തായി. ഇവരെ വളര്‍ത്തിയതില്‍ പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും തുല്യപങ്കെന്ന് നാട്ടുകാര്‍.

പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമാടം ഈട്ടിവിള ഭാസ്‌കര ഭവന്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഗിരിന്‍(23),പ്രമാടം തറയിശ്ശേരി വീട്ടില്‍ പ്രസാദിന്റെ മകന്‍ അനൂപ് (20),പ്രമാടം കിഴത്തേത് വീട്ടില്‍ ശിവപ്രകാശിന്റെ മകന്‍ ആരോമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആരോമല്‍ പ്രമാടം പഞ്ചായത്ത് 19ാം വാര്‍ഡിലെ സി.പി.എം അംഗം ലിജ ശിവപ്രകാശിന്റെ മകനാണ്. ജനുവരി 13 ന് പൂങ്കാവിലെ തട്ടുകട അടിച്ചു തകര്‍ത്തതും ആരോമലിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ലഘുവായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് ഇയാളെയും സംഘത്തെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പൂങ്കാവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ആരോമലും സംഘവും കാറിന് പെട്രോള്‍ അടിക്കാന്‍ എത്തിയിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇയാള്‍ യു.പി.ഐ മുഖേനെ പണം അടച്ച് പെട്രോള്‍ അടിക്കാന്‍ ചെന്നപ്പോള്‍ സമയം വൈകി എന്ന് പറഞ്ഞായിരുന്നു അക്രമം. ഈ സമയം പമ്പില്‍ കറണ്ടില്ലായിരുന്നു.ജീവനക്കാര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്ത ശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞതോടെയാണ് ഉണ്ണികൃഷ്ണന്‍ എന്ന ജീവനക്കാരനെ അടിച്ച് താഴെയിട്ടത്. ഇയാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജര്‍ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമിന് ഗുരുതര പരുക്കുണ്ട്. പമ്പുടമയും സാമിന്റെ സഹോദരനുമായ വര്‍ഗീസിനെയും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ ഇവര്‍ കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തി. വര്‍ഗീസ് പോലീസില്‍ വിവരമറിയിച്ചതോടെ അക്രമി സംഘത്തിലെ ആരോമല്‍ ഒഴികെ എല്ലാവരും രക്ഷപ്പെട്ടു. ഇയാളെ പൊലീസിന് കൈമാറി. തുടര്‍ന്നാണ് മറ്റ് രണ്ടു പേരെ പൊലീസ് പിടികൂടിയത്. പ്രതീഷ് എന്ന യുവാവിടെ പിടികിട്ടാനുണ്ട്.

സിപിഎം പഞ്ചായത്തംഗത്തിന്റെ മകന്‍ എന്ന ലേബലിലാണ് ആരോമലും സംഘവും ഗുണ്ടാ വിളയാട്ടം നടത്തുന്നത്. ജില്ലാ നേതൃത്വം ഇടപെട്ടാണ് കേസില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതെന്ന് പറയുന്നു. കഴിഞ്ഞ ജനുവരി 13 നാണ് ഇവര്‍ പൂങ്കാവിലെ തട്ടുകടയില്‍ അതിക്രമം നടത്തിയത്.

പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവില്‍ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോഴാണ് തട്ടുകട നടത്തുന്ന കുടുംബത്തിനെ മര്‍ദിച്ചത്. പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ തട്ടുകട അടിച്ചു തകര്‍ത്ത് തീ വയ്ക്കുകയും ചെയ്തു.

പ്രമാടം പഞ്ചായത്തിലെ പൂങ്കാവില്‍ തട്ടുകട നടത്തുന്ന നാരങ്ങാനം സ്വദേശി സിബി ജോര്‍ജ്, ഭാര്യ ലിന്‍സി, മകന്‍ ലിനോ തോമസ് എന്നിവരെയാണ് 13 ന് രാത്രി ഏഴു മണിയോടെ എട്ടംഗ സംഘം മര്‍ദിച്ചത്. പ്രമാടം പഞ്ചായത്ത് 19ാം വാര്‍ഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകന്‍ കെ.എസ്. ആരോമലിന്റെ നേതൃത്വത്തിലാണ് ഗുണ്ടായിസം കാണിച്ചതെന്ന് ലിനോ തോമസ് പറഞ്ഞു മര്‍ദനമേറ്റ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതിനിടെ രാത്രിയില്‍ കടയ്ക്ക് തീവയ്ക്കുകയായിരുന്നു. പാചക ഉപകരണങ്ങള്‍, ബോര്‍ഡ്, എന്നിവ കത്തി നശിച്ചു. കട അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ആരോമല്‍. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇവര്‍ കടയില്‍ വന്ന് ഭക്ഷണം കഴിച്ചും പാഴ്‌സല്‍ വാങ്ങിയും പോകും. പണം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും. എന്നാല്‍, പണം കൊടുക്കാറില്ല. ഇവരെ കടയില്‍ കണ്ടപ്പോള്‍ കിട്ടാനുള്ള പണത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ഇന്‍സ്റ്റായില്‍ അടക്കം വിലസുന്ന സംഘത്തിന് മറ്റുള്ളവരുടെ മുന്നില്‍ വച്ച് പണം ചോദിച്ചത് മാനക്കേടായി. തുടര്‍ന്ന് ലിനോയെയും മാതാപിതാക്കളെയും മര്‍ദിക്കുകയായിരുന്നു. കട കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതു കാരണം ഭയന്ന് കടയില്‍ തന്നെ ഇരുന്ന ഇവര്‍ പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കടയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

മൂന്ന് മാസത്തിനിടയില്‍ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സുള്ള തനിക്ക് അവരുടെ പിന്തുണ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ലിനോ പറയുന്നു. സിപിഎമ്മിന്റെ പഞ്ചായത്തംഗത്തിന്റെ മകന്‍ ആയതിനാല്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് വിമുഖത കാട്ടി. ഒടുക്കം സിപിഎം നേതൃത്വം നിര്‍ദേശിച്ചതു പോലെ നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. അതിനുള്ള കുറ്റമേ അവര്‍ ചെയ്തിട്ടുള്ളു എന്ന വിചിത്രമായ വാദമാണ് പൊലീസ് ഉന്നയിച്ചത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …