
മല്ലപ്പളളി: ബാറിലെ വെയിറ്ററായ അതിഥി തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ ഒരുപ്രതി കൂടി കീഴ്വായ്പ്പൂര് പോലീസിന്റെ പിടിയിലായി. നേരത്തെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകിട്ട് നാലിന് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. കല്ലൂപ്പാറ ചെങ്ങരൂര്‍ മടുക്കോലി മലന് കല്ലുങ്കല്‍ വീട്ടില്‍ ജെറിന് ജോര്‍ജിന്റെ സുഹൃത്ത് ഗോകുലം സുമേഷ് എന്ന സുമേഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായില്‍ ആദര്‍ശ് വി രാജി(26)നെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്പേമണ് ഒറ്റപ്ളാക്കല്‍ വീട്ടില്‍ അനിയന്റെ മകന് സോജി (24), വെള്ളികുളം കാവുങ്കല്‍ കോളനിയില്‍ ചവര്‍ണക്കാട് വീട്ടില്‍ ബിജുവിന്റെ മകന് വിനീത് (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25 ന് വൈകിട്ട് 6 മണിയോടെ മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്കൂട്ടറില്‍ പോയ സുമേഷിനെ, അണിമപ്പടിയിലേക്ക് തിരിയുന്ന ബൈപ്പാസ്സ് ജംഗ്ഷന് സമീപം വച്ച് തടഞ്ഞുനിര്‍ത്തിയ നാലുപേരടങ്ങിയ സംഘം കമ്പും കല്ലും കൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്നതാണ് കേസ്. ഇയാളുടെ തലക്കും ശരീരത്തിലും ഗുരുതരമായ പരിക്കുപറ്റിയിരുന്നു. എസ് ഐ സുരേന്ദ്രന്, ജെറിന് ജോര്‍ജ്ജിന്റെ മൊഴി വാങ്ങി വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് അന്വേഷണം ഏറ്റെടുക്കുകയും, ശാസ്ത്രീയ കുറ്റാന്വേഷണസംഘത്തെ സ്ഥലത്തെത്തിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനീതിനെ പിറ്റേദിവസം വൈകിട്ട് 4.30 ന് വെണ്ണിക്കുളത്തെ വീടിന്റെ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തു. എസ് ഐ ആദര്‍ശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സോജിയെ വീടിന് അടുക്കല്‍നിന്നും പിന്നീട് എസ് ഐ പിടികൂടിയെങ്കിലും, ഇയാളുടെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും, കൂടുതല്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, എസ് ഐയുടെ മൊഴിപ്രകാരം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനും സോജിക്കെതിരെ കേസെടുത്തു. ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോള്‍ വെണ്ണിക്കുളത്തുള്ള രാഹുലും പുറമറ്റത്തുള്ള ആദര്‍ശുമാണ് കൂടെയുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് ആദര്‍ശ് കുടുങ്ങിയത്. മറ്റൊരു പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും കോടതി ഉത്തരവ് പ്രകാരം ഇന്നലെ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി അറസ്റ്റ് നടപടിക്ക് വിധേയനാവുകയും ചെയ്തു.
ബാറില്‍ നിന്നും ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതില്‍ നാല് പ്രതികളും ബാറിലെത്തിയതും തിരികെപോയതും ഒരുമിച്ചാണെന്ന് വ്യക്തമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം, എസ് ഐമാരായ ആദര്‍ശ്, ജയകൃഷ്ണന്, എസ് സി പി ഓ അന്‍സിം, സി പി ഓമാരായ വിഷ്ണു, ഇര്‍ഷാദ്, സുജിത് തുടങ്ങിയവരും അന്വേഷണത്തില്‍ പങ്കെടുത്തു.