ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി നീതിന്യായ സ്ഥാപനങ്ങളെയും ഗവണ്മെന്റ് മെഷിനറികളെയും ആയുധമാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ ആഗോളതലത്തില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തുവാനും ഐഒസി പദ്ധതിയിടുന്നു.
ആഗോള പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ പ്രസ്ഥാനവും എഐസിസിയുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനയുമായ ഐഒസി ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിന് മുന്നോടിയായി ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് സൂമിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭാരവാഹികളുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുവാനും ആവശ്യമായ നിയമ സഹായം നല്‍കുന്നതിനും ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യമതേതര വിരുദ്ധ ഭരണത്തെ ആഗോളതലത്തില്‍ തന്നെ തുറന്നു കാണിക്കുന്നതിനും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് നടക്കുന്ന യോഗം പദ്ധതിയിടും.
ഐഒസി ഗ്ലോബല്‍ ചെയര്മാന് ഡോ.സാം പിട്രോഡ, വൈസ് ചെയര്മാന് ജോര്‍ജ് അബ്രാഹം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്സിന്, സെക്രട്ടറി രാജേന്ദര്‍ ടിച്ച്പാലി, യു കെ പ്രസിഡന്റ് കമല്‍ ദളിവാള്‍, ഗുല്‍മന്ദര്‍ സിംഗ് എഐസിസി പ്രതിനിധികളായ വീരേന്ദ്ര വശിഷ്ട, ആരതി കൃഷ്ണ, യുകെ കേരളഘടകം പ്രസിഡണ്ട് സുജു ഡാനിയേല്‍, അജിത് മുതയില്‍, അനുരാ മത്തായി (ഗള്‍ഫ്), ലിങ്ക് വിന്സ്റ്റര് (അയര്‍ലന്റ്), സണ്ണി ജോസഫ് (ജര്‍മ്മനി) അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ നേതാക്കള്‍ പങ്കു ചേരും.
ആഴ്ചകള്‍ക്ക് മുമ്ബ് ലണ്ടനില്‍ ഐഒസി സംഘടിപ്പിച്ച യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കു ചേരുകയും രാജ്യത്തിന്റെ ആപല്‍ക്കരമായ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്നും മുക്തി പ്രാപിക്കേണ്ടതിന്റെ അനിവാര്യതക്കു അടിവരയിട്ടു സംസാരിച്ചു ഇന്ത്യയില്‍ തിരിച്ചെത്തുമ്ബോള്‍ ശക്തനായ പ്രതിപക്ഷ നേതാവിനെ തുറുങ്കിലടച്ചു നിശബ്ദനാക്കുവാനുള്ള കോടതി വിധിയൊരുക്കിയിരിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു നേതാക്കള്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കടന്നുപോയ സമസ്ത സംസ്ഥാനങ്ങളിലും കണ്ട ജനസാഗര പിന്തുണയില്‍ ഭയപ്പെട്ടു തടവിലടച്ചു നിശബ്ദനാക്കാം എന്ന തന്ത്രം പക്ഷേ ഭാരത ജനത അനുവദിക്കില്ലെന്ന് ഐഒസി നേതാക്കള്‍ പറഞ്ഞു.
രാജ്യം രണ്ടു വ്യവസായികള്‍ക്കായി തീറു കൊടുക്കുവാന്‍ കഴിയില്ലെന്നും, ബിജെപി ഇന്ത്യാ മഹാരാജ്യം വിറ്റു തുലക്കുകയാണെന്നും, ജനാതിപത്യമതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും ഐഒസി നേതാക്കള്‍ പറഞ്ഞു.