ചെറുപ്പം മുതലേ പഠന വിരോധിയായിരുന്നു ഇന്നസെന്റ്. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയതും അക്കാരണമൊക്കെ കൊണ്ടു തന്നെ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മഹാകവി വള്ളത്തോള്‍ കാരണം തനിക്ക് അവധി കിട്ടിയ കഥ ഒരിക്കല്‍ ഇന്നസെന്റ് പറയുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ ക്ലാസിലാണ് തന്റെ അനുഭവം നടന് പങ്കുവച്ചത്.
‘വള്ളത്തോള്‍ നാരായണ മേനോന് മരിച്ചത് എനിക്കോര്‍മയുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. വീട്ടില്‍ കിടന്നുറങ്ങുമ്പോള്എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂള്‍ ഗേറ്റില്‍ എത്തിയപ്പോഴാണു കുട്ടികള്‍ പറയുന്നത് സ്കൂളില്ല, വള്ളത്തോള്‍ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസായ നേതാക്കള്‍ ആശുപത്രിയിലായി എന്നു കേള്‍ക്കുമ്ബോള്‍ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോള്‍ സത്യത്തില്‍ ഈ കുട്ടികളെ ഓര്‍ത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാല്‍ അവര്‍ക്കു വയസ്സാകുമ്ബോള്‍ ഓര്‍മകളുണ്ടാകില്ല,’ എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.