
പത്തനംതിട്ട: ശബരിമല പാതയില്‍ ഇലവുങ്കലില്‍ നിന്ന് നാറാണംതോട് പോകുന്ന വഴിയില്‍ തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഒമ്പത് കുട്ടികള്‍ അടക്കം 64 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരുക്കേറ്റവരെ നിലയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റി. പമ്പ പൊലീസ്, നിലയ്ക്കല്‍, സീതത്തോട് അഗ്നിശമന സേനാനിലയങ്ങള് എന്നിവിടങ്ങളില്‍ നിന്നു സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തമിഴ്നാട് മൈലാടുതുറൈ ജില്ല മായാരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
പത്തനംതിട്ട അപകടം: മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി
പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.