
പന്തളം: ചെറുപൊതികളാക്കി വില്ക്കാന് കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്നു യുവാക്കളെ ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി. മുടിയൂര്‍ക്കോണം മന്നത്തു കോളനി ഭാഗത്തു നിന്നുമാണ് ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയന്‍ (21), കുരീക്കാവില്‍ രഞ്ജിത്ത് (25), റാന്നി പെരുനാട് വേലുപറമ്പില്‍ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. ആലപ്പുഴ ജില്ലയിലും മറ്റും കഞ്ചാവ് കടത്തിന് പോലീസ് എക്സൈസ് കേസുകള്‍ ഉള്ള പ്രതികളെ പത്തനംതിട്ട ജില്ലയില്‍ പിടികൂടുന്നത് ആദ്യമായാണ്.
മുടിയൂര്‍ക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരണവും കൈമാറ്റവും പ്രതികള്‍ നടത്തിവന്നത്. ചെറു പൊതികളാക്കി വില്പനക്ക് സൂക്ഷിച്ചുവന്ന കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ് സംഘം. ഒന്നാം പ്രതി ഗുരുപ്രിയനാണ് സംഭരിച്ചുവെക്കുന്നതെന്നും യുവാക്കള്‍ക്കും കുട്ടികള്‍ക്കുമാണ് വില്പന മുഖ്യമായും നടത്തുന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ലഹരിവസ്തുക്കളുടെ വില്പനക്കെതിരായ റെയ്ഡ് ജില്ലയില്‍ തുടരുന്നതിന്റെ ഭാഗമാണ് നടപടിയെന്നും പരിശോധനകള്‍ തുടരുമെന്നും പ്രതികള്‍ക്ക് കഞ്ചാവ് ലഭ്യമാകുന്ന ഇടങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ് എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ മാരായ രാജേഷ്, ഗ്രീഷ്മ, എസ് സി പി ഓ അജീഷ് എന്നിവരും ഡാന്‍സാഫ് സംഘത്തില്‍ എസ്.ഐ അജി സാമൂവല്‍, സി പി ഓമാരായ മിഥുന് ജോസ്, ബിനു, ശ്രീരാജ്, അഖില്‍ എന്നിവരുമാണ് ഉള്ളത്.