റാന്നി: തുടരെ നടന്ന കടുവയുടെ ആക്രമണത്തില്‍ വിറച്ച് പെരുനാട് ഗ്രാമം. തിങ്കള്‍ പുലര്‍ച്ചെ ഗര്‍ഭിണിപ്പശുവിനെ കടിച്ചു കീറി ഗര്‍ഭസ്ഥ ശിശുവിനെ ഭക്ഷിച്ച കടുവ വൈകിട്ട് വീണ്ടുമെത്തി മറ്റൊരു കിടാവിനെ ആക്രമിച്ചത് ഉടമയുടെ മുന്നില്‍ വച്ചാണ്.
പെരുനാട് മഠത്തുംമുഴി കുത്തുംനിരവേല്‍ വളവനാല്‍ റെജി തോമസിന്റെ നാലുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. തൊഴുത്തിനോട് ചേര്‍ന്നുള്ള തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. തിങ്കള്‍ പുലര്‍ച്ചയാണ് പശു ആക്രമിക്കപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം പശുവിന്റെ മാംസം തിന്നു. ഗര്‍ഭപാത്രം കടിച്ചുകീറി കിടാവിനെ എടുത്തു കൊണ്ടു പോയതായും ക്ഷീര കര്‍ഷകനായ റെജി പറയുന്നു. പല്ലിന്റെ വലിപ്പവും ആക്രമണത്തിന്റെ രീതിയും വച്ച് നോക്കുമ്പോള്‍ കടുവ തന്നെയാണ് എന്നാണ് പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത വെറ്റിനറി ഡോക്ടറുടെയും നിഗമനം.
നാട്ടുകാര്‍ വിവരമറിയിച്ചേനെ തുടര്‍ന്ന് രാജാമ്പാറ വനപാലകര്‍ എത്തി കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാദം പതിഞ്ഞ സ്ഥലം പരിശോധിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പശുവിനെ മറവ് ചെയ്തു. ഇതിന് പിന്നാലെ മറ്റു പശുക്കളെ പരിചരിക്കുന്നതിനിടയില്‍ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന മറ്റൊരു പശുക്കിടാവിനെ റെജിയുടെ മുമ്പില്‍ വച്ച് തന്നെ കടുവ ആക്രമിച്ചു. രാവിലെ കൊന്ന പശുവിന്റെ ബാക്കി ഇറച്ചി ഭക്ഷിക്കാനാണ് കടുവ വീണ്ടുമെത്തിയത്. ഇതാണ് കടുവയുടെ രീതിയെന്നും പറയുന്നു.
രണ്ടാമത്തെ സംഭവത്തോടു കൂടി നാട്ടുകാരാകെ ഭീതിയിലാണ്. ആയതിനാല്‍ അടിയന്തരമായി വകുപ്പുകളുടെ ഏകോപനത്തോടു കൂടി ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടരെയുള്ള രണ്ടാമത്തെ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുവ ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് ആര്‍.ആര്‍.ടി സംഘവും പോലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ സി.സി.എഫിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ കടുവയെ പിടിക്കുന്നതിനുള്ള കൂട് വയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വനപാലകര്‍ പറയുന്നു.