
റാന്നി: ഇലവുങ്കല്‍ ട്രൈബല്‍ കോളനിയില്‍ നിന്നും ബിനു ബീറ്റ് ഫോറസ്റ്റ് ഓഫീസറാകുമ്പോള്‍ അതൊരു ചരിത്രമാവുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയും കരുതലും കൈമുതലാക്കിയാണ് ബിനു വനാശ്രിത പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ഫോറസ്റ്റ് ഓഫീസറായത്.
ഇളവുങ്കല്‍ ട്രൈബല്‍ കോളനിയിലെ പരേതനായ വിജയന്റെയും ഓമനയുടെയും മകനാണ് ബിന്ു. സംസ്ഥാനമൊട്ടാകെ 500 പേര്‍ക്കാണ് വനാശ്രിത പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റ്ലൂടെ നിയമന ഉത്തരവ് ലഭിച്ചത്. രാജ്യാന്തര വന ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് കൈമാറിയത്. ജില്ലയില്‍ നിന്നും 10 പേരാണ് ഇത്തരത്തില്‍ സര്‍വീസില്‍ എത്തുന്നത്. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പരിശീലനം ഈ മാസം ആരംഭിക്കും. പിശകുകള്‍ പരിഹരിച്ച് 2021 ല്‍ ഇറക്കിയ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സിയും വനം-പട്ടികവര്‍ഗ വികസന വകുപ്പുകളും ചേര്‍ന്ന് പ്രത്യേക റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്.
പി.എസ്.സി വിജ്ഞാപനം വന്നപ്പോള്‍ തന്നെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. റെജികുമാറിന്റെ നിര്‍ദ്ദേശാനുസരണം സ്റ്റേഷന് ജീവനക്കാര്‍ കോളനിയിലെ അര്‍ഹരായ അപേക്ഷകരെ കണ്ടെത്തി അവരുടെ പേരില്‍ പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്തു നല്കി. വനാശ്രിത സമൂഹമാണെന്ന് തെളിയിക്കുന്നതിനുള്ള റേഞ്ച് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജില്ലാ ട്രൈബല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന് ആവശ്യമായ സഹായവും നല്കിയതും വനപാലകര്‍ തന്നെ.
ജീവനക്കാരുടെ നേതൃത്വത്തില്‍ എഴുത്തു പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം നല്കി. അതു പാസായ രണ്ടുപേര്‍ക്ക് കായിക ക്ഷമതാ പരിശീലനവും നല്കി. ഇതില്‍ നിന്നും റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച ബിനു കഴിഞ്ഞ ദിവസം കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. ഇലവുങ്കല്‍ ട്രൈബല്‍ കോളനിയില്‍ നിന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ആദ്യ വ്യക്തിയാണ് ബിനു. സുജ ഭാര്യയും ആവണി മകളുമാണ്. ഹിന്ദു മലവേട സമുദായ അംഗങ്ങള്‍ താമസിക്കുന്ന കോളനിയാണ് ഇലവുങ്കല്‍.