
പത്തനംതിട്ട: ഏറെ പ്രതീക്ഷയോടെ ജില്ലാ ആസ്ഥാനം കാത്തിരിക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരസഭയുടെ തനത് വിഹിതം കൂടി ഉപയോഗിച്ച് സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് 2.0.
അച്ചന്‍കോവിലാറാണ് പ്രധാന ജല സ്രോതസ്. ഭാവിയില്‍ മണിയാര്‍ ഡാമില്‍ നിന്നും വെള്ളം എത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 21 കോടി രൂപയാണ്. ശുദ്ധീകരണ പ്ലാന്റിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന ഇന്‍ ടേക്ക് വെല്ലിന്റെ നവീകരണമാണ് ആദ്യഘട്ടം. നിലവില്‍ ആറ്റില്‍ നിന്നും വെള്ളം കിണറ്റിലേക്ക് എത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന സംവിധാനങ്ങള്‍ എല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വെള്ളപ്പൊക്ക സമയങ്ങളില്‍ വലിയ തോതില്‍ കലക്കലും ചെളിയും പ്രധാന കിണറ്റിലേക്ക് ഒഴുകി എത്തി പമ്പിങ് മുടങ്ങുന്നത് സാധാരണമാണ്.
ഇതിന് പരിഹാരമായി നിലവിലെ കിണറിന് സമീപത്തായി ഒരു കളക്ഷന്‍ വെല്‍ നിര്‍മ്മിക്കും. ആറ്റില്‍ നിന്നും കളക്ഷന്‍ വെല്ലിലേക്ക് 500 മില്ലി മീറ്റര്‍ വ്യാസമുള്ള 3 പൈപ്പുകള്‍ സ്ഥാപിച്ച് ഭാവിയിലെ ആവശ്യത്തിന് കൂടി ഉതകുന്ന നിലയില്‍ കൂടുതല്‍ ജലം എത്തിക്കും. കളക്ഷന്‍ വെല്ലില്‍ നിന്നും രണ്ട് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് പ്രധാന കിണറ്റിലേക്ക് വെള്ളം എത്തിക്കും. ഇതിലൂടെ പ്രധാന കിണറ്റിലേക്ക് ആറ്റില്‍ നിന്നും നേരിട്ട് ചെളിയും മറ്റ് വസ്തുക്കളും എത്തുന്നത് പൂര്‍ണമായും ഒഴിവാക്കാനാകും. ആവശ്യമാകുന്ന ഘട്ടത്തില്‍ കളക്ഷന്‍ വെല്‍ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും. മൂന്നര മീറ്റര്‍ വ്യാസമുള്ള കളക്ഷന്‍ വെല്ലാണ് നിര്‍മ്മിക്കുന്നത്. വേനല്‍ക്കാലത്തെ ആറ്റിലെ ജലനിരപ്പ് കൂടി കണക്കാക്കി ആയിരിക്കും ജലശേഖരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സ്രോതസിലെ ജലലഭ്യത 100 ശതമാനവും ഉറപ്പാക്കാന്‍ സാധിക്കും.
ആധുനിക രീതിയിലുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണമാണ് രണ്ടാംഘട്ടത്തില്‍. ഈ രണ്ടു പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഉത്പാദനം ഒന്നര ഇരട്ടി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജലം ലഭിക്കാത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭരണികള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച ജലം പമ്പ് ചെയ്ത് എത്തിക്കുകയും കൂടുതല്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് എല്ലാ വീടുകളിലും കണക്ഷന്‍ നല്‍കുകയും ചെയ്യുന്ന മൂന്നാം ഘട്ട പ്രവര്‍ത്തനവും ഇതോടൊപ്പം നടപ്പാക്കും.
നിലവില്‍ ഏകദേശം ആറര ദശലക്ഷം ലിറ്റര്‍ ജലമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഇത് 10 ദശലക്ഷം ലിറ്റര്‍ വെള്ളമാക്കി പ്രാരംഭഘട്ടത്തില്‍ ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ശേഷി കൂടിയ പമ്പ് സെറ്റുകളും കല്ലറ കടവില്‍ നിന്നും പാമ്പൂരി പാറ വരെ 700 മീറ്റര്‍ ദൂരത്തില്‍ പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ചയില്‍ തന്നെ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും ജലം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഭാവിയില്‍ 20 ദശലക്ഷം ലിറ്റര്‍ ആവശ്യമായി വരും എന്ന് കണക്കാക്കി മണിയാര്‍ ഡാമില്‍ നിന്നും നഗരസഭയിലേക്ക് ജലം എത്തിക്കുന്ന പദ്ധതിയും ആലോചനയിലാണ്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ചെയര്‍മാന്‍ പറഞ്ഞു.