
പുനലൂര്‍: അവധി ദിനത്തില്‍ താലൂക്ക് ഓഫീസില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ മരണനാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജീവനക്കാര്‍ അടങ്ങിയ സംഘം അപകടത്തില്‍പ്പെട്ടു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു.
അനൗദ്യോഗിക യാത്രയായതിനാല്‍ രേഖകള്‍ തിരുത്തി വാഹന ദുരുപയോഗം ഔദ്യോഗകമാക്കാന് ശ്രമമെന്ന് ആക്ഷേപം. കുന്നത്തൂര്‍ താലൂക്ക് ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ അജയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ഭരണിക്കാവില്‍ നിന്ന് മടങ്ങും വഴിയാണ് പുനലൂര്‍ താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പ് കുന്നിക്കോട് പച്ചിലവളവിന് സമീപം അപകടത്തില്‍പ്പെട്ടത്.
ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന താല്‍ക്കാലിക െ്രെഡവര്‍ വെളിയം സ്വദേശി സന്തോഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ് ജി. നാഥ്, ഓഫീസ് അസിസ്റ്റന്റ് അനില്‍ കുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
രണ്ടാം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരില്‍ െ്രെഡവറുടെ നില ഗുരുതരമായതിനാല്‍ മിയ്യണ്ണൂര്‍ അസീസീയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും അറിയുന്നു. വാഹനം അപകടത്തില്‍പ്പെട്ടത് പുനലൂര്‍ താലൂക്ക് ഓഫീസ് പരിധിയില്‍ തന്നെയാണ്. സര്‍ക്കാരിന്റെ ചട്ടം അനുസരിച്ച് വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് ജീവനക്കാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. ഇത് ഇവിടെ ലംഘിക്കപ്പെട്ടുവെന്നാണ് മനസിലാകുന്നത്.
അപകടം നടന്നതിന് പിന്നാലെ വാഹനത്തിന്റെ ബോര്‍ഡ് മറച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ െ്രെഡവറുമായി ഒത്തു തീര്‍പ്പുണ്ടാക്കുകയും വാഹനം ഉടന്‍ തന്നെ വര്‍ക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനം പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് വര്‍ക് ഷോപ്പിലേക്ക് മാറ്റിയതെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുകയാണ്. വാഹനം ഉപയോഗിച്ച ജീവനക്കാര്‍ക്ക് എതിരേ വകുപ്പു തല നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് രേഖകള്‍ തിരുത്താന്‍ ശ്രമം നടത്തിയതത്രേ.
ജീവനക്കാര്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് തഹസില്‍ദാര്‍ നസിയ പറഞ്ഞു. അവധി ദിനങ്ങളില്‍ പാറ, മണ്ണു കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിന് വേണ്ടിയുള്ള സ്ക്വാഡ് വര്‍ക്കിന് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാര്‍ക്ക് കാര്യമായ പരുക്കില്ല. രണ്ടു ദിവസം വിശ്രമം എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടറുടെ പ്രൊസീഡിങ്സ് പ്രകാരമുള്ള സ്ക്വാഡ് വര്‍ക്കുണ്ടായിരുന്നു. അതിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അറയ്ക്കല്‍, നരയ്ക്കല്‍ ഭാഗം നോക്കി വെട്ടിക്കവല വഴി വന്ന് പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിയുമായി ഇടിച്ച് വാഹനം തെന്നി മാറുകയായിരുന്നുവെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഏറ്റവും മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചയാളാണ് നസിയ.
എന്നാല്‍, തഹസിദാര്‍ പറയുന്നതു പോലെ സ്ക്വാഡ് വര്‍ക്കിനുള്ള പ്രൊസീഡിങ്സ് ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. അപകടം ഔദ്യോഗിക യാത്രയ്ക്കിടെയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി രേഖകള്‍ ചമയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു.