
കൊച്ചി: തലശ്ശേരി ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ രൂക്ഷമായി വിമര്‍ശിച്ച് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. റബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന് പറഞ്ഞ ജോസഫ് പാംപ്ലാനിയെ 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനോടാണ് ഉപമിച്ചിരിക്കുന്നത്. ജോസഫ് പാംപ്ലാനി സംഘ്പരിവാര്‍ നിലവാരത്തില്‍ നിന്ന് താഴേക്ക് പോകുന്നുവെന്നും പരിഹസിച്ചു.
രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളും ക്രിസ്ത്യന്‍ പള്ളികള്‍ അടിച്ചു തകര്‍ക്കുന്നതും അറിയാതെയല്ല പാംപ്ലാനി ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്. റബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന പാംപ്ലാനിയും 2000 വര്‍ഷം മുമ്പ് 30 വെള്ളിക്കാശ് തന്നാല്‍ ക്രിസ്തുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ യൂദാസും തമ്മില്‍ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണെന്നും ആരോപിച്ചു.
പാംപ്ലാനി നടത്തുന്നത് നിരുത്തരവാദ പ്രസ്താവനയാണെന്നും സമിതി പറഞ്ഞു. വിചാരധാരയെ ന്യായീകരിക്കുന്ന പാംപ്ലാനി അതിനെ ലഘൂകരിച്ച് കാണിക്കാന്‍ നടത്തുന്ന ശ്രമം സാധാരണ സംഘിയേക്കാള്‍ തരംതാഴുന്നു എന്നതിന്റെ തെളിവാണെന്നും സമിതി പരിഹസിച്ചു. സ്വാര്‍ത്ഥ താല്പര്യങ്ങള് മുന്‍ നിര്‍ത്തി സംഘ്പരിവാറിന് ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ ഒറ്റിക്കൊടുക്കുന്നെന്നും ആക്ഷേപിച്ചു.
വിചാരധാരയില്‍ ക്രിസ്ത്യാനികളെ കുറിച്ച പരാമര്‍ശം തള്ളിപ്പറയാനോ അത് അന്നത്തെ കാലഘട്ടത്തില്‍ എഴുതിയതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാനോ സംഘ്പരിവാര്‍ സംഘടനകള്‍ പോലും ശ്രമിച്ചിട്ടില്ല. എന്നാല്‍ അതിനെ ലഘൂകരിക്കാനുള്ള ശ്രമത്തിലൂടെ മാര്‍ പാംപ്ലാനി സാധാരണ സംഘിയേക്കാള്‍ തരംതാഴുന്നു എന്നതിന്റെ തെളിവാണെന്നും സമിതി പരിഹസിച്ചു.