കാസര്‍കോഡ് നിന്ന് കാശ്മീരിന് പോയി: അവിടെ നിന്ന് കാല്‍നടയായി ശബരിമലയ്ക്ക്: 101 ദിവസം കൊണ്ട് 3976 കിലോമീറ്റര്‍ താണ്ടി പ്രഭാകരനും നളിനാക്ഷനും സന്നിധാനത്ത്

0 second read
Comments Off on കാസര്‍കോഡ് നിന്ന് കാശ്മീരിന് പോയി: അവിടെ നിന്ന് കാല്‍നടയായി ശബരിമലയ്ക്ക്: 101 ദിവസം കൊണ്ട് 3976 കിലോമീറ്റര്‍ താണ്ടി പ്രഭാകരനും നളിനാക്ഷനും സന്നിധാനത്ത്
0

പത്തനംതിട്ട: കാസര്‍കോഡ് നിന്ന് ട്രെയിന്‍ കയറി ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുക. പിറ്റേന്ന് അവിടെ നിന്ന് കെട്ടുമുറുക്കി കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുക. കൊടുംതണുപ്പ് പ്രതിരോധിക്കാനുള്ള മാര്‍ഗം പോലുമില്ലാതെ നടന്ന് അലയുമ്പോള്‍ രക്ഷകനായി ഒരു മലയാളി തന്നെ എത്തി. ഒടുക്കം കാല്‍നടയായി പമ്പയിലെത്തുമ്പോള്‍ വഴിയില്‍ സഹായിച്ച മലയാളി അവരെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.

കാസര്‍കോഡ് മാഥുര്‍ രാംദാസ് നഗര്‍ കൂട്‌ലു സ്വദേശികളായ നളിനാക്ഷന്റെയും
പ്രഭാകര മണിയാനിയുടെയും ശബരീശ ദര്‍ശന യാത്രയാണ് സംഭവ ബഹുലമായത്. നഗ്‌ന പാദരായി അവര്‍ സഞ്ചരിച്ചത് 3976 കിലോ മീറ്റര്‍. കാല്‍നട യാത്ര ശബരിമലയിലെത്തിയത് 101-ാം ദിനമാണ്. നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അവിടെ നിന്ന് അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. യാത്രക്കിടയില്‍ ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയാറാക്കി നല്കിയാണ് യാത്രയാക്കിയത്. എന്നാല്‍ യാത്ര സുഗമമാക്കിയത് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം നവായിയില്‍ താമസമുള്ള ചെറുകോല്‍ വാഴക്കുന്നം സ്വദേശി സദാശിവന്‍ നായരാണ്. ഇദ്ദേഹം അയ്യപ്പന്മാരെ പരിചയപ്പെട്ടു.

സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഉച്ചഭക്ഷണവും ലുധിയാന ക്ഷേത്ര സമിതിയുടെ ഇംഗ്ലീഷിലുള്ള കത്തിന്റെ ഹിന്ദി പരിഭാഷയും തയാറാക്കി യാത്രയാക്കി. ശക്തമായ തണുപ്പില്‍ യാത്ര ചെയ്ത ഇരുവര്‍ക്കും സ്വെറ്ററും ഭക്ഷണ സാധനങ്ങളും വാങ്ങി നല്‍കിയാണു യാത്രയാക്കിയത്. മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണവും അദ്ദേഹം ഒരുക്കി.
പിന്നീടങ്ങോട്ട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് റോഡ് മാപ്പിങും
ഭക്ഷണ വിശ്രമ സൗകര്യങ്ങളാരുക്കിയും സദാശിവന്‍ നായര്‍ ചെയ്ത സേവനം അയ്യപ്പ കാരുണ്യമായാണ് കരുതുന്നതെന്ന് സ്വാമിമാര്‍ പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണു പമ്പയില്‍ എത്തിയത്. രാജസ്ഥാനില്‍ 32 കിലോമീറ്റര്‍ ഒരു ദിവസം മുഴുവന്‍ കൊടുംവനത്തിലൂടെ ആയിരുന്നു യാത്ര.
ഇരുവരും പമ്പയിലെത്തിയപ്പോള്‍ സദാശിവന്‍ നായരും എത്തിയിരുന്നു. കാശ്മീര്‍,
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ര്ട, കര്‍ണാടക ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ താണ്ടിയാണ് ഇവര്‍ ശബരിമലയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിശ്രമിച്ച ഇവര്‍ക്ക് ചില സ്ഥലങ്ങളില്‍ കടകളുടെ വരാന്തകളും ബസ് സ്റ്റാന്‍ഡുകളും അഭയ കേന്ദ്രമായി. ജാതി മത ഭേദമന്യെ ജനങ്ങള്‍ ഭക്ഷണവും വിശ്രമ കേന്ദ്രവുമൊരുക്കി നല്കി.

മാര്‍ച്ച് ഏഴിന് കാസര്‍കോട് കുത്ത്യാള ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവരും ഇവിടെ വിരി വച്ച് മാര്‍ച്ച് 25 നാണ് വീണ്ടും യാത്ര പുറപ്പെട്ടത്. 101 ദിവസം കാല്‍നടയാത്ര ചെയ്ത് കഴിഞ്ഞ ദിവസം പമ്പയിലെത്തി. പിന്നീട് മല കയറി പതിനെട്ടാം പടി ചവിട്ടി അയ്യനെ ദര്‍ശിച്ച് വഴിപാടുകള്‍ നടത്തിയ നളിനാക്ഷനും പ്രഭാകര മണിയാനിയും ആത്മ നിര്‍വൃതിയോടെ സ്വദേശത്തേക്ക് മടങ്ങി. നളിനാക്ഷന്‍ (50) പത്ത് വര്‍ഷമായി സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. പ്രഭാകര മണിയാനി (40) ചെങ്കല്ല് പണി ചെയ്യുന്ന മേസ്തിരിയാണ്. 23 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള നളിനാക്ഷന്‍ മൂന്ന് തവണ കാസര്‍കോട്ടു നിന്നും കാല്‍നടയായെത്തിയാണ് ദര്‍ശനം നടത്തിയിട്ടുള്ളത്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …