
കൊച്ചി: ഡോക്ടറെ ഫോണിലൂടെ വളച്ച് വീട്ടിലെത്തിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി കാറും 5.44 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. തമ്മനം കാഞ്ഞിരത്തില്‍പറമ്പില്‍ നസീമ (32), മരട് മച്ചിങ്ങല്‍ മുഹമ്മദ് അമീന്‍ (42) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നസീമ കടവന്ത്ര പുതിയ റോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ പരിചയപ്പെട്ട് കെണിയില്‍ വീഴ്ത്തി കടവന്ത്രയിലെ നസീമയുടെ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്വകാര്യ നിമിഷങ്ങള്‍ അമീന്റെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇത് ഡോക്ടറെ കാണിച്ച് ഭീഷണിപ്പെടുത്തി 5.44 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയായിരുന്നു.
പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. അസി. കമ്മിഷണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെഅന്വേഷണം തുടങ്ങി. അമീനെ തൃപ്പൂണിത്തുറയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ നസീമയെ കുറിച്ചുള്ള വിവരം കിട്ടി. തുടര്‍ന്ന് ഇവരെയും പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണം ഇരുവരും തുല്യമായി വീതിച്ചെടുത്തു. എസ്.ഐമാരായ അജേഷ്. ജെ, ബാബു പി.എസ്, ബി. ദിനേഷ്, എസ്.സി.പി.ാ പ്രമോദ്.എസ്, സി.പി.ഒ ഡിനുകുമാര്‍, വിപിന്‍, ഷെമി. എം.എച്ച്, ജ്യോതി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.