
പത്തനംതിട്ട: ഇടയാറന്മുള എഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരടക്കം 35 ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. സര്‍ക്കാര്‍ അനുശാസിക്കുന്ന ചട്ടം മറി കടന്ന് യോഗ്യതയില്ലാത്തയാളെ പ്രഥമാധ്യാപികയാക്കാനുള്ള നീക്കം തിരിച്ചടിച്ചതാണ് ഇതിന് കാരണം. ഇടതും വലതും ബിജെപിയുടെയും അടക്കമുള്ള അധ്യാപക സംഘടനകള്‍ ഇക്കാര്യത്തില്‍ മൗനം അവലംബിച്ച് മാറി നില്‍ക്കുന്നു.
മാര്‍ത്തോമ്മ സഭയുടെ ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളാണ് എ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഇവിടെ പ്രഥമാധ്യാപികയുടെ തസ്തികയില്‍ നിയമിക്കപ്പെടേണ്ടത് അഞ്ജലി നായരാണ്. എന്നാല്‍ മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരം അനില സാമുവലിനെ പ്രമാധ്യാപികയായി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാത്തതിനാല്‍ നിരസിച്ചു. ഇതു കാരണം രണ്ടു മാസമായി ഇവിടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളമില്ല. സ്‌കൂളിലെ ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 35 ഓളം പേരാണ് രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാതെ വിഷമത്തിലായിരിക്കുകയാണ്.
മാനേജ്‌മെന്റ് പ്രഥമാധ്യാപക സ്ഥാനത്തേക്ക് നിര്‍ദേശിച്ച അനില സാമുവലിന് സീനിയറായ ഒരു അധ്യാപിക എന്ന നിലയില്‍ ജീവനക്കാരുടെ മാസ ശമ്പളം നല്‍കുന്നതിനുള്ള സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രഥമാധ്യാപികയുടെ താല്‍ക്കാലിക അധികാരം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നു. ചട്ടപ്രകാരം മൂന്ന് മാസമാണ് ഇത്തരത്തില്‍ ചുമതല നല്‍കാന്‍ കഴിയുക. പരമാവധി മൂന്നു പ്രാവശ്യം എന്ന കണക്കില്‍ ഒമ്പതു മാസം വരെ പ്രഥമാധ്യാപികയുടെ ചുമതല ദീര്‍ഘിപ്പിച്ച് നല്‍കിയാണ് ഇത്രനാളും ശമ്പളം നല്‍കിയത്. ഇനി തുടര്‍ന്ന് ചുമതല ദീര്‍ഘിപ്പിച്ച് നല്‍കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 10 ന് തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സ്‌കൂള്‍ മാനേജര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടും തുടര്‍ നടപടിയില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്തു.
വൈഎംസിഎ ദേശീയ ട്രഷററായ റെജി ജോര്‍ജ് ഇടയാറന്മുളയാണ് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി. മാര്‍ത്തോമ്മാ സഭാ വൈദികനായ റവ. എബി ടി. മാമ്മനാണ് സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്. മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന് ഇത് സംബന്ധിച്ച് അധ്യാപകര്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. അര്‍ഹത പ്രകാരമുള്ള നിയമന നടപടി സ്വീകരിക്കണമെന്ന് മെത്രാപ്പൊലീത്ത നിര്‍ദേശിച്ചെങ്കിലും ചില പ്രാദേശിക സഭാ നേതാക്കള്‍ തള്ളിയെന്ന് പറയുന്നു. സഭയില്‍പ്പെട്ടയാളെ പ്രഥമാധ്യാപികയാക്കണമെന്നാണ് ഇവരുടെ വാശിയെന്ന് ശമ്പളം ലഭിക്കാത്ത ഒരു ജീവനക്കാരന്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ സീനിയോറിറ്റി പാലിക്കേണ്ടതില്ല എന്ന വാദമുയര്‍ത്തിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പക്ഷപാതപരമായ നിയമനത്തിന് ശ്രമിച്ചത്.
എന്നാല്‍ കോഴിക്കോട് ജില്ലയില്‍ സമാനമായ സാഹചര്യത്തില്‍ ജൂനിയര്‍ അധ്യാപകനെ ഹെഡ് മാസ്റ്ററായി നിയമിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇടതുപക്ഷ അധ്യാപക സംഘടനയില്‍പ്പെട്ടവര്‍ നേതാക്കളെ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ മൗനത്തിലാണ്. അടുത്തിടെ ഇടതുപക്ഷത്തെത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കളെ പിണക്കാന്‍ കഴിയില്ല എന്നാണ് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം പറയുന്നത്. ഇതിനിടെ യോഗ്യത ഇല്ലാത്ത അധ്യാപകര്‍ക്ക് കെഎസ്ടിഎ അംഗത്വവും നല്‍കി. ഇവര്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ അംഗങ്ങളായ മാര്‍ത്തോമ്മാ സഭാംഗങ്ങളാണ്. എന്നാല്‍ വര്‍ഗീയമായ പിടിവാശികള്‍ ആര് കാണിച്ചാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നു.
1919 ല്‍ ആരംഭിച്ച സ്‌കൂളില്‍ 23 വര്‍ഷത്തിലേറെയായി ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തിക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പ്രിന്‍സിപ്പലെ നിയമിച്ചതും ചട്ടപ്രകാരമല്ലെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ച് മറ്റൊരു അധ്യാപകന്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ശമ്പളം കിട്ടിയില്ലെന്ന് അധ്യാപകര്‍ പരാതിപ്പെട്ടിട്ടില്ലെന്ന് കെഎസ്ടിഎ
വിഷയത്തില്‍ തങ്ങള്‍ ഇതു വരെ ഇടപെട്ടിട്ടില്ലെന്ന് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ പ്രസിഡന്റ് ആനന്ദന്‍ പറയുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അനില സാമുവല്‍ എന്ന അധ്യാപികയ്ക്ക് സര്‍ക്കാര്‍ ചട്ട പ്രകാരം പ്രഥമാധ്യാപിക പദവി നല്‍കാന്‍ കഴിയില്ല. അവര്‍ ഹിന്ദി അധ്യാപികയാണ്. ഹിന്ദി സാഹിത്യാചാര്യയുടെയും പ്രചാരസഭയുടെയും കോഴ്‌സ് ആണ് പഠിച്ചിട്ടുള്ളത്. ഇവര്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ മാത്രമേ ടീച്ചറായി നിയമനം ലഭിക്കൂ. പി.എസ്.സി അംഗീകരിച്ചിട്ടില്ല. പ്രഥമാധ്യാപക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ബി.എഡും 12 വര്‍ഷത്തെ സര്‍വീസും വേണം. ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് എഴുതി പാസാവുകയും വേണം. ഇടവകാംഗമെന്ന നിലയിലാണ് അനില സാമുവലിനെ പ്രഥമാധ്യാപികയാക്കാന്‍ മാനേജ്‌മെന്റ് വാശി പിടിക്കുന്നത്. അഞ്ജലി ആനന്ദ് എന്ന അധ്യാപികയ്ക്കാണ് പ്രഥമാധ്യാപിക ആകാനുള്ള യോഗ്യതയുള്ളത്. സംഘടന ഇതില്‍ ഇടപെട്ടില്ല. അനില സാമുവല്‍ സംഘടനയുടെ അംഗത്വം ചോദിച്ചപ്പോള്‍ കൊടുത്തു. അത് കൊടുക്കാതിരിക്കാന്‍ കഴിയില്ല. പക്ഷേ, യോഗ്യതയില്ലാതെ ഹെഡ്മിസ്ട്രസ് ആക്കാന്‍ സംഘടന തയാറല്ല. ഇടപെടാന്‍ കഴിയില്ലെന്നും അവരെ അറിയിച്ചിരുന്നു. അവിടെ നിന്ന് ഒരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പല തവണ ഞങ്ങള്‍ അവിടെ ചെന്നിരുന്നു. അവരുടെ പരാതിയില്ലാതെ ഞങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ല. അധ്യാപകര്‍ മാനസികമായി അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ആരെങ്കിലും പരാതി രേഖാമൂലം ഞങ്ങള്‍ക്കോ ഗവണ്‍മെന്റിനോ തന്നിട്ടില്ല. തന്നാല്‍ ഇടപെടും.
ഇതേ സ്‌കൂളില്‍ വേറെയും പ്രശ്‌നങ്ങളുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ കോടതി വിധിച്ചിരുന്നു. ആ വിധി അനുസരിക്കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല എന്നും ആനന്ദന്‍ ചൂണ്ടിക്കാട്ടി.