തിരുവല്ല: 1.70 ലക്ഷം രൂപ ബോക്‌സില്‍ സൂക്ഷിച്ച ശേഷം താക്കോലുമിട്ട് ബാങ്കിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടി. സ്‌കൂട്ടറും മോഷണം പോയതില്‍ 1.24 ലക്ഷം രൂപയും തിരികെ കിട്ടി. ശേഷിച്ച തുക പ്രതി കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ചു.
പൊടിയാടിയില്‍ ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറും പണവുമായി പണവുമായി കടന്ന മാന്നാര്‍ പാവുക്കര ഇടയിലപ്പറമ്പില്‍ വീട്ടില്‍ പ്രവീണ്‍ പൊടിയനാണ് (28) അറസ്റ്റിലായത്. ഏപ്രില്‍ 10 ന് പൊടിയാടി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കാനറ ബാങ്കിന് മുമ്പില്‍ നിന്നും ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമി (ഷാജി) ന്റെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സ്‌കൂട്ടറിന്റെ ബോക്‌സില്‍ 1.70 ലക്ഷം രൂപയും ഉണ്ടായിരുന്നു. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു വന്ന പണമായിരുന്നു ഇത്.
ബാങ്കിന് സമീപത്തെ കെട്ടിടത്തിലേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ബാങ്കിലുണ്ടായിരുന്ന മകനെ തിരക്കി പോയ ഷാജി സ്‌കൂട്ടറില്‍ നിന്നും താക്കോല്‍ എടുക്കാന്‍ മറന്നു. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. തുടര്‍ന്നാണ് പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്.
സിസിടിവിയില്‍ നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ പോലീസ് സമീപ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലേക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും പ്രതി മോഷണം പോയ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന വ്യക്തതയുള്ള ദൃശ്യം ലഭിച്ചു. ഇത് അന്വേഷണ സംഘത്തിന് കൈമാറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ചു നല്‍കി. മാന്നാര്‍ പോലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘം പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറും 1.24 ലക്ഷം രൂപയും കണ്ടെടുത്തു. ബാക്കി തുക സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എസ് ഐ മാരായ ജെ. ഷെജീം, ഷിജു പി സാം, എ എസ് ഐ അനില്‍ എസ്.എസ്, സീനിയര്‍ സി പി ഒമാരായ അഖിലേഷ്, പ്യാരിലാല്‍, സി.പി.ഒ സുദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.