
തേനി (തമിഴ്നാട്): ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ എത്തിച്ച എട്ടുകിലോ കഞ്ചാവുമായി തേനിയിൽ യുവാവ് അറസ്റ്റിലായി. ഉത്തമപാളയത്തിന് സമീപം ഫർമണാപുരം നോർത്ത് സ്വദേശി നിതീഷ് കുമാറാ(22)ണ് നാർക്കോട്ടിക് ഇന്റലിജൻസിന്റെ പിടിയിലായത്.
പതിവായി തേനി വഴി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തേനി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാജയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബസിൽ നിന്നും ഒരു യുവാവ് കയ്യിൽ ബാഗുമായി ചാടിയിറങ്ങി.
സംശയം തോന്നിയ പൊലീസ് യുവാവിനെ പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.കോടതിയിൽ ഹാജരാക്കിയ നിതീഷ് കുമാറിനെ റിമാന്റ് ചെയ്തു.