തേനി: മദ്യം വഴിയുള്ള വരുമാനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തമിഴനാടും കേരളത്തിന്റെ വഴിയില്‍. തമിഴ്‌നാട്ടില്‍ ഇനി മുതല്‍ ബാറുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും പുറമെ മദ്യ സല്‍ക്കാരം വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും. ഇതു സംബന്ധിച്ച് തമിഴ്‌നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി പനീന്ദര്‍ റെഡ്ഡി ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 18 നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തിലെ റൂള്‍ 17 (എ), 17(ബി) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് പുതിയ ചട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
കല്യാണമണ്ഡപങ്ങളിലും സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളിലും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് ജില്ലാ കലക്ടറില്‍ നിന്നും മദ്യ നിയന്ത്രണ
ഓഫീസര്‍മാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. അപേക്ഷ സമര്‍പ്പിച്ചാല്‍ ജില്ലാ കലക്ടറും മദ്യ നിയന്ത്രണ ഡെപ്യൂട്ടി കമ്മിഷണര്‍മാരും ഇതിന് അനുമതി നല്‍കുമെന്ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ഒരു ദിവസമോ നിശ്ചിത സമയത്തേക്ക് മാത്രമോ ആകും ലൈസന്‍സിന്റെ കാലാവധി എന്ന് ഭേദഗതി ചെയ്ത ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് പുറമെ, ബാറുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വിളമ്പുന്ന മദ്യം ഇനി വിവാഹങ്ങള്‍ക്കും സ്‌പോര്‍ട്‌സ് മൈതാനങ്ങളിലും ലഭ്യമാകും. പരിപാടികള്‍ നടക്കുന്ന പ്രദേശത്ത് ആവശ്യമെങ്കില്‍ പൊലീസിന് നിരീക്ഷിക്കാമെന്നും പറയുന്നുണ്ട്. ഈ പ്രത്യേക പെര്‍മിറ്റിന് നിശ്ചിത ഫീസുംനിശ്ചയിച്ചിട്ടുണ്ട്.