അടൂര്‍: വിദ്യാര്‍ഥികള്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസറും ഡെന്റല്‍ സര്‍ജനും വരെയുള്ള, വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 13 പേര്‍ അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് എത്തുകയാണ് ഈ മാസം 29 ന്. അവര്‍ എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവുമായി. ബുള്‍ബുള്‍ 2023 എന്ന പേരില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ അനാവരണം ചെയ്യപ്പെടുക പ്രധാനമായും പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കാടിന്റെ വന്യതയുമാണ്. കൊല്ലം, പത്തനംതിട്ട സ്വദേശികളാണ് ഫോട്ടോഗ്രാഫര്‍മാര്‍. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് പ്രദര്‍ശനം.
150ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടാകും. പക്ഷികളുടെ ചിത്രങ്ങളാണ് കൂടുതലെങ്കിലും മൃഗങ്ങള്‍, ഷഡ്പദങ്ങള്‍, ശലഭങ്ങള്‍ എന്നിവയൊക്കെ കൂട്ടിനുണ്ടാകും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പക്ഷി നിരീക്ഷകര്‍ തങ്ങള്‍ നടത്തിയ കണ്ടെത്തലുകളും നിരീക്ഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
നാഷണല്‍ ജ്യോഗ്രഫി, കാനന്‍ ഏഷ്യ, ബേര്‍ഡ് ഫോട്ടോഗ്രാഫേഴ്‌സ് ഓഫ് ഇന്ത്യ, നികോണ്‍, ബി.ബി.സി, ഇന്‍ഡ്യന്‍ വൈല്‍ഡ് ലൈഫ് ഒഫിഷ്യല്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഓരോ ചിത്രവും സംബന്ധിച്ച് വിശദമായ അടിക്കുറിപ്പുമുണ്ടാകും. എക്്‌സിബിഷന്റെ പേരില്‍ പരാമര്‍ശിച്ചിരിക്കുന്ന ബുള്‍ബുള്‍ പക്ഷികളോടുളള ആദരവായി അവയുടെ ചിത്രങ്ങള്‍ക്കായി പ്രത്യേകം ഗാലറിയും ക്രമികരിച്ചിട്ടുണ്ട്.
ദന്തല്‍ സര്‍ജന്‍ ഡോ. മനോജ് എം. കുമാര്‍, മൂഴിയാര്‍ പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.ബി.ഷൈജു, ചവറ കെ.എം.എം.എല്‍ ഡെപ്യൂട്ടി മാനേജര്‍ എസ്. അമ്പാടി, ദുബായില്‍ ക്രിയേറ്റീവ് ഡിസൈനറായ കൃഷ്ണ കെ. ദീപക്, ലക്‌നൗവില്‍ നഴ്‌സിങ് ഓഫീസര്‍ ആയ ജി.കെ. അജയ്, ലക്‌നൗവില്‍ ഓപ്പറേഷന്‍ തീയറ്റര്‍ ടെകനിഷ്യനായ ടി.ആര്‍. അരുണ്‍ രാജ്, പിഎച്ച്ഡി സ്‌കോളര്‍ ജെമി ജോസ് മാത്യു, എന്‍ഇസ് മെഡികോര്‍പ് മാനേജര്‍ ജോര്‍ജ് എസ്. ജോര്‍ജ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ വിദ്യാര്‍ഥിയായ പി. അലന്‍ അലക്‌സ്, കോന്നി എസ്എന്‍ഡിപി യോഗം കോളജ് വിദ്യാര്‍ഥി ആര്‍. നിഖില, പുഷ്പഗിരി ഫാര്‍മസി കോളജ് വിദ്യാര്‍ഥി ബ്രൈറ്റ് റോയി, കൊല്ലം ടികെഎംഎസ് അസി. പ്രഫസര്‍ എസ്. ആഷിക്, ഐബിഎം എച്ച്ആര്‍ സര്‍വീസ് അഡ്മിന്‍ അതുല്‍ ശേഖര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം 30 ന് വൈകിട്ട് സമാപിക്കും.