അടൂര്‍: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേബിള്‍ ടിവി ഓപ്പറേറ്റര്‍ കൗണ്ടര്‍ കേസ് സൃഷ്ടിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. മര്‍ദനമേറ്റ കെഎസ്ഇബി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഓപ്പറേറ്റര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ഇയാള്‍ രക്ഷപ്പെടാതിരിക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലുമേര്‍പ്പടുത്തി. ശരിക്കും പെട്ടു പോയ പ്രതി ആശുപത്രി വിട്ടാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയിലുമായി.
ഏഴകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെതിരേയാ(44)ണ് ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. മുന്‍പ് ബിഎസ്എന്‍എല്‍ കേബിള്‍ മുറിച്ചു കടത്തിയതിനും സര്‍ക്കാര്‍ ഭൂമിയിലെ തടി വെട്ടിക്കടത്തിയതിനും അജി അറസ്റ്റിലായിട്ടുണ്ട്.
ഏഴംകുളം സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍ ബിയാന്തോസ് നാഥ് മേനോന്‍, ലൈന്‍മാന്‍ രാമചന്ദ്രന്‍ എന്നിവരെ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അജി മര്‍ദിച്ചത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാന്‍ പറക്കോട് എന്‍ എസ് യു പി എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിള്‍ നെറ്റ് വര്‍ക്കിലെ കേബിള്‍ പോസ്റ്റില്‍ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത് എന്ന് പറയുന്നു. ഇരുവരും അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ വിവരം അറിയിച്ചില്ലെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവര്‍ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.
സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവര്‍ അജിക്ക് വേണ്ടി സ്വാധീനം ചെലുത്തി. കെഎസ്ഇബിയിലെ സിപിഎം യൂണിയനില്‍പ്പെട്ടയാള്‍ക്കാണ് മര്‍ദനമേറ്റത് എന്നിരുന്നിട്ടു കൂടി ഇവര്‍ അജിക്കൊപ്പമാണ് നില കൊണ്ടത്. നീതി ലഭിക്കാതെ വന്നപ്പോള്‍ കെഎസ്ഇബി അധികൃതര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിനെ ബന്ധപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുമെന്നും അറിയിച്ചു. ഇത്രയും വലിയ സംഭവം നടന്നിട്ട് തന്നെ അറിയിക്കാതിരുന്നതില്‍ ഡിവൈഎസ്പി ഇന്‍സ്‌പെക്ടറെ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. തുടര്‍ന്നാണ് അജിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. അജിക്ക് മര്‍ദനമേറ്റുവെന്ന് പരാതിയുണ്ടെങ്കില്‍ അയാളുടെ മൊഴി വാങ്ങി കെഎസ്ഇബി ജീവനക്കാര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതി ആശുപത്രിയില്‍ ഉണ്ടെന്ന് അറിഞ്ഞതിനാല്‍ അവിടെ കാവല്‍ ഇടാനും ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനും ഡിവൈ.എസ്പി നിര്‍ദേശിച്ചു.
അജിക്ക് വേണ്ടി ഇടപെട്ട സിപിഎം നേതാക്കള്‍ക്ക് ഇതു വലിയ തിരിച്ചടിയായി. ഇതാദ്യമായിട്ടല്ല അടൂര്‍ പൊലീസ് അജിക്ക് വേണ്ടി നില കൊള്ളുന്നത്. മുന്‍പ് ബിഎസ്എന്‍എല്‍ കേബിളും സര്‍ക്കാര്‍ ഭൂമിയിലെ തടിയും മുറിച്ചു കടത്തിയ കേസില്‍ സിപിഎം ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരം അജിയെ അടൂര്‍ എസ്എച്ച്ഓ അടക്കമുള്ളവര്‍ സംരക്ഷിച്ചിരുന്നു. ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ പൊലീസ് വഴി വിട്ടു സഹായിച്ചു. എന്നാല്‍, സുപ്രീം കോടതി വരെ പോയിട്ടും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവില്‍ സഹായം തേടി സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ വീടിന് സമീപം ചെന്നപ്പോള്‍ പൊലീസ് പിന്തുടരുകയും അടൂര്‍ ടൗണിലൂടെ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.