തിരുവല്ല: നിമിഷയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മമാണ്. ഗര്‍ഭാവസ്ഥ 29 ആഴ്ചയായിരിക്കുമ്പോള്‍ എച്ച് 1 എന്‍ 1 ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ടു നിമിഷ. ആ അവസ്ഥയില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് തൂക്കം വെറും 1.27 കിലോ മാത്രം. അമ്മയും കുഞ്ഞും മരണത്തിന്റെ വക്കിലെത്തിയ നിമിഷം. മികച്ച ചികില്സയിലൂടെയും ശ്രദ്ധേയമായ പരിചരണത്തിലൂടെയും ഇരുവരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നിരിക്കുകയാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇന്നലെ നിമിഷയും കുഞ്ഞും ആശുപത്രി വിട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിറമിഴികളോടെ നന്ദി പറഞ്ഞാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. വന്‍ തുക ചെലവഴിക്കേണ്ടി വന്നു ചികില്‍സയ്ക്ക്. അതു മുഴുവന്‍ ആശുപത്രി അധികൃതര്‍ വഹിക്കുകയും ചെയ്തു.
കോഴഞ്ചേരി ജില്ലാശുപത്രിയില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിമിഷ (28) യെബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. എച്ച് 1 എന്‍ 1 ഇന്‍ഫ്ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു നിമിഷയ്ക്ക്. അപകടകരമാം വിധം ഓക്സിജന്‍ ലെവല്‍ കുറഞ്ഞാണ് (70%) നിമിഷ ബിസിഎംസിഎച്ചില്‍ എത്തിയത്. നിമിഷയ്ക്ക് അടിയന്തിരമായി വെന്റിലേറ്റര്‍ പിന്തുണ നല്കി. പക്ഷേ അവസ്ഥ വഷളായിക്കൊണ്ടേയിരുന്നു. വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്കയിലായി. അതിനാല്‍ അവര്‍ അടിയന്തര സിസേറിയന് നടത്തി 1.27 കിലോഗ്രാം മാത്രം ഭാരമുള്ള പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിന് പ്രത്യേക പരിചരണം ലഭിക്കുന്നതിനായി നിയോനേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. ഗുരുതരമായ അണുബാധ മൂലം വെന്റിലേറ്ററിലായിരുന്ന നിമിഷയുടെ നില മെച്ചപ്പെടാതിരുന്നതിനാല്‍ എക്മോ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. രക്തപ്രവാഹത്തിലേക്ക് നേരിട്ട് ഓക്സിജന്‍ നല്കി ശ്വസനം പിന്തുണയ്ക്കുന്ന ഒരു യന്ത്രമാണ് എക്മോ.
ഹൈ എന്‍ഡ് ആന്റിബയോട്ടിക്കുകള്‍ കൊണ്ടുള്ള ചികിത്സ ഫലപ്രദമായി. നിമിഷയുടെ നില ക്രമേണെ മെച്ചപ്പെട്ടു. വെന്റിലേറ്ററിലില്ലാതെ നിമിഷ ശ്വസിച്ചു തുടങ്ങി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നിമിഷ ആദ്യമായി കുഞ്ഞിനെ കണ്ട വികാരനിര്‍ഭരമായ നിമിഷത്തിന് ബിലീവേഴ്സ് ആശുപത്രി സാക്ഷ്യം വഹിച്ചു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിമിഷയും കുഞ്ഞും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ദിവസ വേതനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന നിര്‍ധന കുടുംബമാണ് നിമിഷയുടേത്. ബിലീവേഴ്സ് ആശുപത്രി തന്നെയാണ് ഈ അമ്മയുടേയും കുഞ്ഞിന്റെയും ചികിത്സാ ചെലവുകള്‍ നിര്‍വഹിച്ചത്.
അവര്‍ രണ്ടുപേരും പോരാളികളാണ്, അവര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്കാന് കഴിഞ്ഞതില്‍ ബിലീവേഴ്സ് ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും കൃതാര്‍ത്ഥരാണ്: മെഡിക്കല്‍ കോളജ് സിഇഓ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
‘എമര്‍ജന്‍സി , ഗൈനക്കോളജി, അനസ്തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍, ജനറല്‍ മെഡിസിന്, കാര്‍ഡിയോ തൊറാസിക്ക് വാസ്കുലര്‍ സര്‍ജറി, നവജാതശിശു തീവ്രപരിചരണ വിഭാഗം, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും പെര്‍ഫ്യൂഷനിസ്റ്റുകളുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായതും സമയോചിതവുമായ ഇടപെടലുകള്‍ കൊണ്ടാണ് നിമിഷയും കുഞ്ഞും പുതുജീവിതത്തിലേയ്ക്ക് കടക്കുന്നത്. ഇത് കൂട്ടായ്മയുടെ വിജയമാണ്. എക്മോ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ചികിത്സ കൂടുതല്‍ ആശുപത്രികളില്‍ ലഭ്യമായാല്‍ നിമിഷയുടേതിന് സമാനമായ രോഗാവസ്ഥയുള്ളവര്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ കൂടുതല്‍ സാധ്യതകളുണ്ട്. ‘ അദ്ദേഹം ചൂണ്ടിക്കാട്ടി.