അജോ കുറ്റിക്കന്‍
വരുശനാട് (തമിഴ്നാട്): വേനല്‍ മഴ അനുകൂലമായതോടെ തേനി ജില്ലയില്‍ കശുവണ്ടിയുടെ വിളവ് വര്‍ധിച്ചു. കകടമലമൈലായ് പ്രദേശങ്ങളിലെ വരുശനാട്, മുതലമ്പറ, കോമ്പെ തുടങ്ങിയ മിക്ക ഗ്രാമങ്ങളിലും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് കശുമാവ് കൃഷിയുള്ളത്.
അടുത്ത മാസം സീസണ് ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി മതിയായ മഴ ലഭിച്ചതിനാല്‍ ഉയര്‍ന്ന വിളവ് ലഭിക്കുന്നുണ്ട്. അതിനാല്‍ മരങ്ങളില്‍ മരുന്ന് തളിക്കുകയും കൃഷിയിലും സജീവമായിരിക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശുമാവിന് വ്യാപകമായി വാട്ടരോഗം ബാധിച്ചിരുന്നു. രോഗം ബാധിച്ച മരങ്ങള്‍ ഉണങ്ങി നശിച്ചിരുന്നു. ഇതുമൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകര്‍ ദുരിതത്തിലായിരുന്നു.
എന്നാല്‍ വേനല്‍ മഴയില്‍ ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിച്ചതിനാല്‍ കശുവണ്ടി മരങ്ങളില്‍ വാട്ടരോഗമുണ്ടായിട്ടില്ല. കൂടാതെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവ് സാധാരണയേക്കാള്‍ കൂടുതലാണ്. വില കൂടിയാല്‍ കശുവണ്ടി ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍.